പാലിയേക്കരയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; ടോൾ ബൂത്തുകൾ തുറന്നുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി
പാലിയേക്കര ടോൾപ്ലാസയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.
പാലിയേക്കരയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; ടോൾ ബൂത്തുകൾ തുറന്നുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനെ തുടർന്ന് ടോൾ ബൂത്തുകൾ തുറന്നുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് മന്ത്രി നേരിട്ടിറങ്ങി വാഹനങ്ങൾ കടത്തിവിട്ടത്.
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുഭാഗത്തുമായി രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ സ്റ്റാഫും ചേര്‍ന്ന് ടോൾ ബൂത്തുകൾ തുറന്നുകൊടുക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇരുവശത്തേക്കുമുള്ള 12 ബൂത്തുകളും ഏകദേശം 10 മിനിറ്റോളം പൂർണ്ണമായി തുറന്നുവിട്ടു. ദിവസങ്ങളായി പാലിയേക്കര ടോൾപ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം യാത്രാക്കാർ മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ അടിയന്തര ഇടപെടൽ.