സ്വാമി വിവേകാനന്ദ ഫിലിം ഫെസ്റ്റിവലിൽ കൊടുങ്ങല്ലൂർ ഭരണി കാഴ്ച
ഷാജി പട്ടിക്കര സംവിധാനം ചെയ്ത കൊടുങ്ങല്ലൂർ ഭരണി കാഴ്ച ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026 ൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു.
'കൊടുങ്ങല്ലൂർ ഭരണി കാഴ്ച' ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ
കൊച്ചി: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെയും ചരിത്രത്തിന്റെയും നേർക്കാഴ്ചയൊരുക്കുന്ന 'കൊടുങ്ങല്ലൂർ ഭരണി കാഴ്ച' എന്ന ഡോക്യുമെന്ററി സ്വാമി വിവേകാനന്ദ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - 2026-ലേക്ക് ഒഫീഷ്യൽ സെലക്ഷൻ നേടി.
എഴുത്തുകാരനും പ്രശസ്ത സിനിമാ പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകനും സിനിമാ പി.ആർ.ഒയുമായ പി.ആർ. സുമേരൻ രചന നിർവ്വഹിച്ച ചിത്രത്തിൽ പ്രമുഖ നടൻ ഇന്ദ്രൻസാണ് ആഖ്യാനം (നരേഷൻ) നൽകിയിരിക്കുന്നത്.
കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളിൽ പ്രബലമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ കൊടുങ്ങല്ലൂർ ഭരണി, അശ്വതി കാവുതീണ്ടൽ തുടങ്ങിയ പ്രധാന ചടങ്ങുകളെക്കുറിച്ചുള്ള ചരിത്ര പഠനങ്ങളും കോവിലകത്തെ പ്രമുഖ ചരിത്ര പണ്ഡിതരുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര വിശേഷങ്ങൾക്കൊപ്പം കൊടുങ്ങല്ലൂരിന്റെ സംസ്കാരവും മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള വൈരുധ്യങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഫഹദ് അബ്ദുള്ള (ഛായാഗ്രഹണം), അയൂബ് ഖാൻ (എഡിറ്റിംഗ്), അരുൺ വർമ്മ (സൗണ്ട് ഡിസൈൻ), ഹരിനാരായണൻ (സൗണ്ട് മിക്സിംഗ്), അജയ് ജോസഫ് (പ്രൊഡക്റ്റ് ഡിസൈനർ), നിസാം അസാഫ് (സബ് ടൈറ്റിൽസ്), എ.കെ. ബിജുരാജ് (സ്റ്റിൽസ്), മനോജ് ഡിസൈൻ (പോസ്റ്റർ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.