ഒമാനിൽ ഭാവലയ കലൈഡോസ്കോപ്പ് 2026 ഹ്രസ്വചിത്ര മേള സമാപിച്ചു അയ്യനാർ സംവിധാനം ചെയ്ത ദി കോൾ മികച്ച ചിത്രം

ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഒമാനിൽ സംഘടിപ്പിച്ച കലൈഡോസ്കോപ്പ് 2026 ഹ്രസ്വചിത്ര മേളയിൽ അയ്യനാർ സംവിധാനം ചെയ്ത ദി കോൾ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു.

ഒമാനിൽ ഭാവലയ കലൈഡോസ്കോപ്പ് 2026 ഹ്രസ്വചിത്ര മേള സമാപിച്ചു അയ്യനാർ സംവിധാനം ചെയ്ത ദി കോൾ മികച്ച ചിത്രം
ഒമാനിൽ ഭാവലയ 'കലൈഡോസ്കോപ്പ് 2026' ഹ്രസ്വചിത്ര മേള

ഒമാനിൽ 'കലൈഡോസ്കോപ്പ് 2026' ഹ്രസ്വചിത്ര മേള പ്രൗഢമായി അരങ്ങേറി 'ദി കോൾ' മികച്ച ചിത്രം

മസ്കറ്റ്: ഒമാനിലെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ ഒരുമിപ്പിച്ചുകൊണ്ട് ഭാവലയ ആർട്ട് ആൻഡ് കൾച്ചർ സംഘടിപ്പിച്ച 'കലൈഡോസ്കോപ്പ് 2026' ഹ്രസ്വചിത്ര ഫെസ്റ്റിവൽ റൂവിയിലെ ഗാലക്സി ഹാളിൽ പ്രൗഢമായി അരങ്ങേറി. ഗ്ലോബൽ ഇവന്റ്സിന്റെ സഹകരണത്തോടെയായിരുന്നു ഈ ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രമുഖ ഒമാനി താരം താലിബ് അൽ ബലൂഷി, ടെലിവിഷൻ താരം സ്വപ്ന ട്രീസ എന്നിവർ വിശിഷ്ടാതിഥികളായി സാന്തിധ്യമറിയിച്ചു.

​ഉച്ചമുതൽ രാത്രി വൈകും വരെ നീണ്ടുനിന്ന മേളയിൽ മലയാളം, അറബിക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ശ്രദ്ധേയമായ 14 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച ക്രമങ്ങൾക്ക് പകരം, സദസ്സിന് മുന്നിൽ വെച്ച് നടത്തിയ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ ചിത്രത്തിന്റെയും പ്രദർശനക്രമം നിശ്ചയിച്ചത് എന്നത് മേളയുടെ പ്രത്യേകതയായി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ചലച്ചിത്ര പ്രേമികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് മേളയിലുടനീളം ദൃശ്യമായത്. ശ്രീമതി ധന്യ മനോജ്, ശ്രീമതി അനിത രാജൻ എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി.

​ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷന്റെ 16 വർഷത്തെ കലാ-സാംസ്കാരിക പ്രയാണത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ തന്റെ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ദേശീയ കോ-ഓർഡിനേറ്റർ അരുൺകുമാർ മേലത്തും സംഘവും നടത്തിയ കൃത്യമായ ആസൂത്രണവും പ്രവർത്തന മികവുമാണ് മേളയുടെ വൻ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം കൃതജ്ഞതയോടെ സ്മരിച്ചു.

​"മനുഷ്യരെ വ്യത്യാസങ്ങൾക്കതീതമായി ഒന്നിപ്പിക്കുന്ന ശക്തമായ മാധ്യമമാണ് സിനിമ. കഥപറച്ചിലിന്റെ ആധുനിക രൂപമാണിത്. സ്നേഹം, യുദ്ധം, കുടുംബം, ഏകാന്തത, വിമോചനം തുടങ്ങിയ മനുഷ്യജീവിതവുമായി അടുത്തുനിൽക്കുന്ന പ്രമേയങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ച ചിത്രങ്ങളിലൂടെ ചലച്ചിത്രകാരന്മാർ അവതരിപ്പിച്ചത്. ലാഭേച്ഛയില്ലാതെ കലാകാരന്മാരെ പിന്തുണയ്ക്കുന്ന ഭാവലയ, എഴുത്തുകാർക്കും അഭിനേതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും സ്വതന്ത്ര വേദി ഒരുക്കുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണ്," ഡോ. ജെ. രത്നകുമാർ കൂട്ടിച്ചേർത്തു.

​ഒമാനിലെ കലാ-സാംസ്കാരിക രംഗത്ത് ഭാവലയ നടത്തുന്ന വിപ്ലവാത്മകമായ പ്രവർത്തനങ്ങളെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ജി.വി. ശ്രീനിവാസ് തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പുതുതായി ഉയർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്കും സർഗാത്മക ശബ്ദങ്ങൾക്കും മികച്ച പ്രോത്സാഹനം നൽകുന്ന ജനകീയ വേദിയായി 'കലൈഡോസ്കോപ്പ് 2026' മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമാനിലെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങാനൊരുങ്ങുന്ന അംബാസഡർ ശ്രീനിവാസിന് സദസ്സ് എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ട് ഹൃദ്യമായ യാത്രയയപ്പ് നൽകി.

​ഒരു ഡ്രൈവറുടെ ജീവിതത്തിലെ നിർണായകമായ ഒരു രാത്രിയിലെ അപ്രതീക്ഷിത സംഭവങ്ങൾ ദൃശ്യവൽക്കരിച്ച, അയ്യനാർ സംവിധാനം ചെയ്ത 'ദി കോൾ' എന്ന ചിത്രം മേളയിൽ വൻ വിജയം നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. മുഹമ്മദ് മലല്ലാഹ് അലി അൽ ലവാത്തി, ഒമാൻ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി, നൂർ പ്രസ്റ്റീജ് ഇൻഷുറൻസ് സർവീസസ് സെന്റർ എന്നിവരുടെ സഹകരണമാണ് മേള വൻ വിജയമാക്കാൻ സഹായിച്ചതെന്ന് സംഘാടകർ അറിയിച്ചു.

​പ്രധാന പുരസ്കാരങ്ങൾ താഴെ പറയുന്ന പ്രകാരമാണ്:

​മികച്ച ചിത്രം: 1. ഒന്നാം സ്ഥാനം – ദി കോൾ (അയ്യനാർ)

2. രണ്ടാം സ്ഥാനം – അൽ മസൂലിയ (ജയൻ കാഞ്ഞങ്ങാട്)

3. മൂന്നാം സ്ഥാനം – പെന്നിള (സുനിൽ ഗുരുവായൂരപ്പൻ)

​മികച്ച സംവിധായകൻ: 1. ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ)

2. രണ്ടാം സ്ഥാനം – അനിർബാൻ (ദി സെർച്ച്)

3. മൂന്നാം സ്ഥാനം – പ്രദീപ് കല്ലറ (ആ പരിചിതൻ)

​മികച്ച തിരക്കഥ: 1. ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ)

2. രണ്ടാം സ്ഥാനം – സുനിൽ ഗുരുവായൂരപ്പൻ (പെന്നിള)

3. മൂന്നാം സ്ഥാനം – സാമി സാരംഗ് (സിറാജ് ദി ലാംപ്)

​മികച്ച നടൻ: 1. ഒന്നാം സ്ഥാനം – അയ്യനാർ (ദി കോൾ)

2. രണ്ടാം സ്ഥാനം – കബീർ യൂസഫ് (ദി സെർച്ച്), ഡോ. താലിബ് അൽ ബലൂഷി (അൽ മസൂലിയ)

3. മൂന്നാം സ്ഥാനം – ഷിബു അച്ചൻകുഞ്ഞ് (അൺബോട്ടിൽ)

​മികച്ച നടി: 1. ഒന്നാം സ്ഥാനം – ശ്യാമ അർജുൻ (ലൈഫ് ഈസ് ടു ലിവ് ഹാപ്പിലി)

2. രണ്ടാം സ്ഥാനം – ഷൈമ ദിനേഷ് (പെന്നിള)

3. മൂന്നാം സ്ഥാനം – ഇന്ദു ബാബുരാജ് (ദി ബലൂൺ സെല്ലർ)

(പ്രത്യേക പരാമർശം: അനിത രാജൻ - ദി സെർച്ച്)

​മികച്ച ഛായാഗ്രാഹകൻ: 1. ഒന്നാം സ്ഥാനം – ജൂലിയസ് ക്രിസ്റ്റോ (ദി കോൾ)

2. രണ്ടാം സ്ഥാനം – അനിർബാൻ (ദി സെർച്ച്)

3. മൂന്നാം സ്ഥാനം – ജാഫർ പി.സി. (ഈറി)

​മികച്ച ബാലതാരം: 1. ഒന്നാം സ്ഥാനം – അലി മുഹമ്മദ് അൽ ബലൂഷി (സിറാജ് ദി ലാംപ്)

2. രണ്ടാം സ്ഥാനം – ബിലാൽ സഹ്യാൻ സനൂഫ് (ദി സെർച്ച്)

3. മൂന്നാം സ്ഥാനം – അനുഗ്രഹ രഞ്ജിത് (ഈറി)