പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
പ്രശസ്ത സിനിമാട്ടോഗ്രാഫർ ഷാജി കുമാർ (57) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
പെരുമ്പാവൂർ: മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. ദിലീപ് നായകനായ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിക്കുകയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് ആരോഗ്യം വീണ്ടെടുത്ത് സഹപ്രവർത്തകരോട് സാധാരണ പോലെ സംസാരിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ അമ്പരപ്പിലാണ് ചലച്ചിത്ര ലോകം.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിക്ഷണത്തിൽ സിനിമയിലെത്തിയ ഷാജി കുമാർ, പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായതോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയിലെ കരുത്തായി മാറി. ഫിലിം ക്യാമറകളിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കുള്ള സിനിമാമേഖലയുടെ മാറ്റത്തെ സാങ്കേതിക മികവോടെ ഉൾക്കൊണ്ട് ലൈറ്റിങ്ങിലും ഫ്രെയിമിങ്ങിലും നിറവിന്യാസത്തിലും തന്റേതായ വേറിട്ട ശൈലി അദ്ദേഹം സൃഷ്ടിച്ചെടുത്തു.
ജോഷി, ഷാജി കൈലാസ്, വി.എം. വിനു, എം. പത്മകുമാർ, വൈശാഖ് തുടങ്ങി തരുൺ മൂർത്തി വരെയുള്ള പ്രമുഖ സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം. മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'അതിമനോഹരം', സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ' എന്നിവയാണ് അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രങ്ങൾ.
നരൻ, പുലിമുരുകൻ, ഒടിയൻ, മധുരരാജ, പോക്കിരി രാജ, മല്ലൂസിംഗ്, വെറുതെ ഒരു ഭാര്യ, ബാബാ കല്യാണി, വെള്ളിനക്ഷത്രം, രാമലീല, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ദൃശ്യഭംഗിയൊരുക്കിയത് ഷാജി കുമാറാണ്.
തിരുവനന്തപുരം സ്വദേശിയായ ഷാജി കുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസം.
ഭാര്യ: സ്മിത. മക്കൾ: ആര്യൻ, സൂര്യൻ
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
