പടക്കം പൊട്ടിക്കുന്നതിനിടെ അപകടം സ്റ്റീൽ പാത്രം തകർന്ന് ചീളുകൾ ശരീരത്തിൽ തറച്ചു, പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്റ്റീൽ പാത്രം തകർന്ന് ചീളുകൾ ശരീരത്തിൽ തറച്ച് പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈത് മരിച്ചു. വിഷു ആഘോഷത്തിനിടെയായിരുന്നു അപകടം
പടക്കം പൊട്ടിക്കുന്നതിനിടെ അപകടം: സ്റ്റീൽ പാത്രം തകർന്ന് ചീളുകൾ ശരീരത്തിൽ തറച്ചു, പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ അനീഷ്-ബിൻസി ദമ്പതികളുടെ മകൻ എ.കെ. അദ്വൈത് (16) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രപ്പറമ്പിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കൊരയങ്ങാട് ക്ഷേത്രപ്പറമ്പിലായിരുന്നു സംഭവം. ഇന്റർനെറ്റിലെ വീഡിയോകളിൽ കാണുന്നതുപോലെ, പടക്കത്തിന് ശബ്ദം കൂട്ടാനായി സ്റ്റീൽ പാത്രം കൊണ്ട് ഗുണ്ട് മൂടിവെച്ച് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റീൽ പാത്രം തകരുകയും അതിന്റെ കൂർത്ത ചീളുകൾ അദ്വൈതിന്റെ കക്ഷത്തിന് താഴെ രക്തധമനിയിൽ തറച്ചുകയറുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നുപോയതിനാൽ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള പ്രതിഭയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അർജുൻ ആണ് സഹോദരൻ.

