നെഹ്‌റു ട്രോഫിക്ക് ഇനി 2 കോടിയുടെ സർക്കാർ സഹായം മന്ത്രി പി.സി. വിഷ്ണുനാഥ്

​ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്ഥിരം ധനസഹായം 2 കോടി രൂപയായി ഉയർത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. സമ്മാനത്തുകയും ബോണസും വർദ്ധിപ്പിക്കാൻ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന എൻ.ടി.ബി.ആർ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

നെഹ്‌റു ട്രോഫിക്ക് ഇനി 2 കോടിയുടെ സർക്കാർ സഹായം മന്ത്രി പി.സി. വിഷ്ണുനാഥ്
നെഹ്രുട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ്
നെഹ്‌റു ട്രോഫിക്ക് ഇനി 2 കോടിയുടെ സർക്കാർ സഹായം മന്ത്രി പി.സി. വിഷ്ണുനാഥ്
നെഹ്‌റു ട്രോഫിക്ക് ഇനി 2 കോടിയുടെ സർക്കാർ സഹായം മന്ത്രി പി.സി. വിഷ്ണുനാഥ്

​നെഹ്‌റു ട്രോഫി: സർക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടിയാക്കും; സമ്മാനത്തുകയും ബോണസും വർദ്ധിപ്പിക്കും

ആലപ്പുഴ: ആലപ്പുഴയുടെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം ധനസഹായം രണ്ട് കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് ടൂറിസം-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടതനുസരിച്ച് ധനവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ സ്വീകരിക്കും. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് (NTBR) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

​വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റിന്റെ കാര്യത്തിൽ ബജറ്റ് നിർദ്ദേശം ഉൾപ്പെടെ പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) പ്രവർത്തനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. ഇത്തവണയും സി.ബി.എല്ലിനായി 11 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഐ.പി.എൽ മാതൃകയിൽ വിഭാവനം ചെയ്ത രീതിയിൽ സി.ബി.എൽ പൂർണ്ണമായി നടത്തിയാൽ ഭാവിയിൽ സാമ്പത്തിക സഹായം ആവശ്യമായി വരില്ല. എന്നാൽ ഇത്തവണ അത് സാധ്യമാകാത്തതിനാൽ നിലവിലുള്ള രീതിയിൽ തന്നെ സി.ബി.എൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

​ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപ

​നെഹ്‌റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയും ബോണസും കാലോചിതമായി ഉയർത്തി പരിഷ്‌കരിക്കാൻ യോഗത്തിൽ തീരുമാനമായി. നെഹ്‌റു ട്രോഫിയിൽ ഒന്നാമതെത്തുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകാനാണ് കെ.സി. വേണുഗോപാൽ എം.പി കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്. കൂടാതെ വള്ളങ്ങൾക്കുള്ള ബോണസ് തുക 25 ശതമാനമായി വർദ്ധിപ്പിക്കും. വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് വർദ്ധിപ്പിക്കുന്നതിനുള്ള ഭരണപരമായ നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്നും എം.പി യോഗത്തിൽ ചൂണ്ടിക്കാട്ടി.

​ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് നെഹ്‌റു ട്രോഫി നടക്കുന്നത് എന്നതിനാൽ ഡി.റ്റി.പി.സി(DTPC)യുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ഉണ്ടാകണം. ആലപ്പുഴ ഡി.റ്റി.പി.സിക്ക് നൽകുന്ന സഹായം കുറയ്ക്കില്ലെന്നും ജില്ലകൾക്കുള്ള വിഹിതം ഏകീകരിച്ചിട്ടുണ്ടെന്നും മന്ത്രി എം.പിക്ക് ഉറപ്പുനൽകി.

​ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഡി. തോമസ് എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എം.എൽ.എമാരായ അഡ്വ. എ.എ. ഷുക്കൂർ, സി.കെ. സദാശിവൻ, കെ.കെ. ഷാജു, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. കുറുപ്പ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

​ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. വിവിധ സബ് കമ്മിറ്റി കൺവീനർമാരായ എ.ഡി.എം സി. പ്രേംജി, എൻ.ടി.ബി.ആർ സെക്രട്ടറിയും ആർ.ഡി.ഓയുമായ ജെ. മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ്. വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് എന്നിവർ യോഗത്തിൽ പ്രവർത്തന പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു