പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ രണ്ട് പേർ കൂടി പിടിയിൽ

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ രണ്ട് പ്രധാന കണ്ണികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വഴി കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിലെ ഫായിസ്, ജഗത് എന്നിവരാണ് പിടിയിലായത്.

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ രണ്ട് പേർ കൂടി പിടിയിൽ
കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരാണ് പിടിയിലായത്.

​പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ രണ്ട് പേർ കൂടി പിടിയിൽ

പെരുമ്പാവൂർ: തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കേരളത്തിലേക്ക് അന്താരാഷ്ട്ര തലത്തിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെക്കൂടി പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇവരെ പ്രത്യേക പോലീസ് സംഘം വലയിലാക്കിയത്.

​ഇന്ത്യക്കകത്തും പുറത്തുമുള്ള ലഹരിമരുന്ന് വിതരണ ശൃംഖലകളെ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ പാലക്കാട് മുണ്ടൂർ സ്വദേശി അബു താഹിറിനെ നേരത്തെ ബംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു. ഇയാൾക്ക് പുറമെ ഹരികൃഷ്ണൻ (25), പ്രെസ്ജിത്ത് (40), ശ്രീജേഷ് (41), സഞ്ജയ് പി (22) എന്നിവരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

​തായ്‌ലൻഡ് കണക്ഷനും പ്രവർത്തനരീതിയും

​തായ്‌ലൻഡിലെ വിവിധ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ ഉന്നതരാണ് ഇപ്പോൾ പിടിയിലായ ഫായിസും ജഗത്തും. പ്രധാന പ്രതികളായ അബു താഹിറും ഹരികൃഷ്ണനും ചേർന്ന് ഏജന്റുകൾക്ക് വിസയും ടിക്കറ്റും പ്രതിഫലവും നൽകി തായ്‌ലൻഡിലേക്ക് അയക്കുകയാണ് പതിവ്. ഇവർ തിരികെ നെടുമ്പാശ്ശേരിയിൽ എത്തുമ്പോൾ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിന് പുറത്തുവെച്ച് സംഘം ഏറ്റുവാങ്ങി വിതരണം ചെയ്യും. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാട് രേഖകൾ, വിദേശ യാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

​'ഓപ്പറേഷൻ തൂഫാൻ': ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കഞ്ചാവ്

​ലഹരിമാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായ നടപടികളാണ് കേസിൽ സ്വീകരിക്കുന്നത്. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ സ്വദേശി ആയുഷിനെ (39) പോലീസ് ആദ്യം പിടികൂടിയിരുന്നു. തുടർന്ന് ഇയാളുടെ കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ കഞ്ചാവ് കൂടി കണ്ടെത്തുകയും ഭാര്യ അനികയെ (30) അറസ്റ്റ് ചെയ്യുകയും ചെയ്തത്. വിപണിയിൽ ഏകദേശം 18 കോടിയോളം രൂപ വിലവരുന്ന 17 കിലോയോളം ഹൈബ്രിഡ് കഞ്ചാവാണ് ഈ ദമ്പതിമാരിൽ നിന്ന് മാത്രം പിടിച്ചെടുത്തത്.

​എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്ജ്, ടി.പി. അബ്ദുൾ ജലീൽ, എ.എസ്.ഐ സുബൈർ എം.ബി, സീനിയർ സി.പി.ഒ ഷിജോ പോൾ, സി.പി.ഒ നജ്മി എ.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയുടെ വേരറുത്ത ഈ നിർണായക അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് സൂചന