നാടകാചാര്യൻ തൂലിക ബേബിക്കുട്ടൻ അന്തരിച്ചു സംസ്കാരം ഇന്ന് വൈകിട്ട്‌

പ്രശസ്ത നാടകസംവിധായകനും രചയിതാവുമായ തേവലക്കര പടിഞ്ഞാറ്റക്കര തൂലിക ബേബിക്കുട്ടൻ (ടി.കെ. ഗോപിനാഥക്കുറുപ്പ് 80) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.

നാടകാചാര്യൻ തൂലിക ബേബിക്കുട്ടൻ അന്തരിച്ചു സംസ്കാരം ഇന്ന് വൈകിട്ട്‌
നാടകാചാര്യൻ തൂലിക ബേബിക്കുട്ടൻ അന്തരിച്ചു

നാടകാചാര്യൻ തൂലിക ബേബിക്കുട്ടൻ അന്തരിച്ചു; സംസ്കാരം ഇന്ന്‌

കൊല്ലം: പ്രശസ്ത നാടകാചാര്യനും സംവിധായകനും രചയിതാവുമായ തേവലക്കര പടിഞ്ഞാറ്റക്കര തൂലിക ബേബിക്കുട്ടൻ (ടി.കെ. ഗോപിനാഥക്കുറുപ്പ് – 80) അന്തരിച്ചു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് വിശ്രമജീവിതം നയിക്കവെ തേവലക്കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 3-ന് വീട്ടുവളപ്പിൽ നടക്കും.

​മുൻ ചവറ ബ്ലോക്ക് പഞ്ചായത്തംഗം രമാദേവിയാണ് ഭാര്യ. മക്കൾ: ജി. രാജേഷ്, ടി.ജി. രൻജീഷ്, ശ്രീലക്ഷ്മി (ബഹ്റൈൻ). മരുമക്കൾ: ശ്രീഹരി (ബഹ്റൈൻ), മധുശ്രീ, അഞ്ജ (അധ്യാപിക, മിലാദേ ഷെരീഫ് ഹയർസെക്കൻഡറി സ്കൂൾ, മൈനാഗപ്പള്ളി).

​നാടകലോകത്തെ ബഹുമുഖ പ്രതിഭ

വിഖ്യാത നാടകനടൻ തേവലക്കര കുഞ്ഞൻ പിള്ളയുടെയും കമലമ്മയുടെയും മകനായി 1945 സെപ്റ്റംബർ 15-നാണ് അദ്ദേഹം ജനിച്ചത്. 1960-ൽ നാടകരംഗത്തേക്ക് കടന്നുവന്ന ബേബിക്കുട്ടൻ, എൻ.ബി. ത്രിവിക്രമൻപിള്ള രചനയും സംവിധാനവും നിർവഹിച്ച ‘സൗപ്തികം’ എന്ന നാടകത്തിലെ 'കോൺസ്റ്റബിൾ കുറുപ്പ്' എന്ന ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് നാടകസംവിധായകൻ, രചയിതാവ്, അഭിനേതാവ്, നിർമാതാവ്, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ ആറുപതിറ്റാണ്ടുകാലം മലയാള നാടകവേദിയിൽ സജീവ സാന്നിധ്യമായി മാറി.

​70-ലധികം നാടകങ്ങൾക്ക് രചനയും അറുപതിലധികം നാടകങ്ങൾക്ക് സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 1990-ൽ 'കൊല്ലം തൂലിക' എന്ന പേരിൽ സ്വന്തമായി നാടകസമിതിക്ക് രൂപം നൽകി. 'ആദ്യത്തെ വിരുന്ന്' ആയിരുന്നു ഈ സമിതിയുടെ ആദ്യ നാടകം. പിന്നീട് തൂലിക വേദിയിലെത്തിച്ച പ്രമാണി, ചെമ്മീൻ, അമ്മവീട് തുടങ്ങിയ സൂപ്പർഹിറ്റ് നാടകങ്ങൾ ആയിരക്കണക്കിന് വേദികളിലാണ് അരങ്ങേറിയത്. ഇതിൽ 'പ്രമാണി' എന്ന നാടകം പിന്നീട് 'ഓച്ചിറ മഹിമ'യിലൂടെ അദ്ദേഹം വീണ്ടും അരങ്ങിലെത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ

മലയാള നാടകവേദിക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1983–ൽ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ കേരള സംഗീത നാടക അക്കാദമി ‌അവാർഡ്, ഡി.കെ. ചെല്ലപ്പൻ പുരസ്കാരം, തോപ്പിൽ ഭാസി കീർത്തി പുരസ്കാരം, കൊട്ടാരക്കര ശ്രീധരൻ നായർ പുരസ്കാരം, എൻ.ബി.ടി പുരസ്കാരം, ആർട്ടിസ്റ്റ് കേശവൻ പുരസ്കാരം, ഗാന്ധിഭവൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.