റൗഡി ജനാർദന
വിജയ് ദേവരകൊണ്ട രവി കിരൺ കോല ചിത്രം റൗഡി ജനാർദന തീപ്പൊരി ഗ്ലിംപ്‌സ് പുറത്തിറങ്ങി ചിത്രം 2026 ഡിസംബറിൽ
വിജയ് ദേവരകൊണ്ട-രവി കിരൺ കോല ചിത്രം ‘റൗഡി ജനാർദന’: തീപ്പൊരി ഗ്ലിംപ്‌സ് പുറത്തിറങ്ങി; ചിത്രം 2026 ഡിസംബറിൽ
ഹൈദരാബാദ്: ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ബിഗ് ബജറ്റ് ചിത്രം ‘റൗഡി ജനാർദന’യുടെ ടൈറ്റിലും ഗ്ലിംപ്‌സും പുറത്തിറങ്ങി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും നിർമ്മിച്ച്, ‘രാജ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ഹൈദരാബാദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
1980-കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. പുറത്തിറങ്ങിയ ഗ്ലിംപ്‌സ് വീഡിയോയിൽ ചോരയിൽ കുതിർന്ന മാച്ചറ്റുമായി (കൈവാൾ) തീവ്രമായ ഭാവത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പുതിയ സ്ലാങ്ങും വ്യത്യസ്തമായ ശരീരഭാഷയും വിജയ് ദേവരകൊണ്ടയുടെ കഥാപാത്രത്തെ ശ്രദ്ധേയമാക്കുന്നു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും ഗ്ലിംപ്‌സിന് കരുത്തേകുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2026 ഡിസംബറിൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

