നെടുമ്പാശ്ശേരിയിൽ ഡൽഹിയിൽ നിന്ന് എത്തിച്ച വീര്യമേറിയ അഞ്ച് കോടിയുടെ ചരസുമായി യുവാവ് പിടിയിൽ
നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്ന് രണ്ടരക്കിലോ ചരസുമായി കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ പോലീസ് പിടിയിലായി. അഞ്ച് കോടി രൂപ വിലവരുന്ന ലഹരിമരുന്നാണ് ഓപ്പറേഷൻ തൂഫാനി ലൂടെ പിടിച്ചെടുത്തത്.
ഓപ്പറേഷൻ തൂഫാൻ: നെടുമ്പാശ്ശേരിയിൽ അഞ്ച് കോടിയുടെ ചരസുമായി കാസർകോട് സ്വദേശി പിടിയിൽ
കൊച്ചി: എറണാകുളം റൂറൽ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ നീക്കത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ അഞ്ച് കോടി രൂപയോളം വിലവരുന്ന രണ്ടരക്കിലോ ചരസുമായി യുവാവിനെ പോലീസ് പിടികൂടി. കാസർകോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കസ്റ്റഡിയിലായത്. കൊച്ചി നഗരത്തിൽ വിതരണം ചെയ്യുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. കഞ്ചാവിന്റെ തളിരിലകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന അതീവ വീര്യമേറിയതും അപകടകാരിയുമായ ഇനം ചരസാണ് പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
ഡൽഹിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോലീസ് പരിശോധന ഒഴിവാക്കുന്നതിനായി വിവിധ ഗതാഗത മാർഗ്ഗങ്ങൾ മാറിമാറി ഉപയോഗിച്ചായിരുന്നു ഇയാളുടെ യാത്ര. ഡൽഹിയിൽ നിന്ന് വിമാനമാർഗ്ഗം മംഗലാപുരത്തെത്തിയ പ്രതി, അവിടെനിന്ന് ട്രെയിനിൽ തൃശ്ശൂരിൽ ഇറങ്ങി. തുടർന്ന് ടാക്സി കാറിലാണ് നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. ഇയാൾ മുൻപും സമാനമായ രീതിയിൽ ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
നെടുമ്പാശ്ശേരിയിൽ ഡൽഹിയിൽ നിന്ന് എത്തിച്ച വീര്യമേറിയ അഞ്ച് കോടിയുടെ ചരസുമായി യുവാവ് പിടിയിൽ
75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ
അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് കൈത്താങ്ങാകാൻ സ്പീക്ക് അപ്പ് ടു സ്റ്റാൻഡ് അപ്പ്
ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് അവസരം ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് കെ.എസ്.ഇ.ആർ.സി
പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്