സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പത്രിക ഏജന്റുമാർക്ക് പരിശീലനം നൽകി കണക്കുകളിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടി
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കുകൾ കൃത്യമാക്കുന്നതിനുള്ള പരിശീലനവും തുടർനടപടികളും. മെയ് 30 ന് മലപ്പുറത്ത് റിക്കൺസിലേഷൻ യോഗം ചേരും.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പത്രിക തയാറാക്കൽ: ഏജന്റുമാർക്ക് പരിശീലനം നൽകി; മെയ് 30-ന് റിക്കൺസിലേഷൻ യോഗം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് സംബന്ധിച്ച അന്തിമ പത്രികകൾ തയ്യാറാക്കുന്നതിനുള്ള ഫെസിലിറ്റേഷൻ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് സമ്മേളന ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ വിവിധ സ്ഥാനാർഥികളുടെ ചീഫ് ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു.
സ്ഥാനാർത്ഥികൾ തങ്ങളുടെ ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും, അസിസ്റ്റന്റ് എക്‌സ്പെൻഡിച്ചർ ഒബ്‌സർവർമാർ കണ്ടെത്തി ഷാഡോ ഒബ്‌സർവ്വേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയ കണക്കുകളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനായുള്ള റിക്കൺസിലേഷൻ യോഗം മെയ് 30-ന് നടക്കും. അന്ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് യോഗം ചേരുക. സ്ഥാനാർഥികളും ഏജന്റുമാരും ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഈ യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി കഴിഞ്ഞ് 30 ദിവസത്തിനകം കൃത്യമായ വരവ് ചെലവ് കണക്കുകൾ നിശ്ചിത മാതൃകയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം കണക്കുകൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തുകയോ, ബോധപൂർവ്വം തെറ്റായ കണക്കുകൾ സമർപ്പിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡപ്രകാരം കർഷന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.