തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർവികസനം സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു പ്രധാന മന്ദിരം ഈ മാസം പൊളിക്കും
തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സ്റ്റേഷന്റെ പ്രധാന മന്ദിരം ഈ മാസം മൂന്നാം വാരം പൊളിച്ചു തുടങ്ങും.
തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർവികസനം 2028-ൽ പൂർത്തിയാക്കും; പ്രധാന മന്ദിരം ഈ മാസം പൊളിച്ചു തുടങ്ങും
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്റെ രാജ്യാന്തര നിലവാരത്തിലുള്ള പുനർനിർമാണ–വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ വിപുലമായ അവലോകന യോഗം ചേർന്നു. റെയിൽവേ, ജില്ലാ ഭരണകൂടം, തൃശൂർ കോർപറേഷൻ, മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവയുടെ ഏകോപനം ആവശ്യമുള്ള പുനർവികസനത്തിന്റെ വിവിധ ഘട്ടങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.
345 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള നിർവഹണം, ഓഫിസുകൾ മാറ്റൽ, സ്റ്റേഷൻ സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കൽ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ യോഗം വിലയിരുത്തി. 2028–ൽ സ്റ്റേഷന്റെ പുനർ വികസനം പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം യോഗത്തിൽ അറിയിച്ചു.
പ്രധാന മന്ദിരം ഈ മാസം മൂന്നാം വാരം പൊളിക്കും
സ്റ്റേഷന്റെ മുഖമുദ്രയായ പ്രധാന പ്രവേശന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും ഈ മാസം മൂന്നാം വാരം പൊളിച്ചു തുടങ്ങും. ഒന്നാം ഘട്ടത്തിൽ സ്റ്റേഷൻ മാനേജരുടെ മുറി, സമീപത്തുള്ള വിഐപി കേന്ദ്രം, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയ ഭാഗങ്ങളാണ് പൊളിക്കുക.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ഇതോടൊപ്പം സ്റ്റേഷൻ പരിസരത്തുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.
താൽക്കാലിക ക്രമീകരണങ്ങൾ ഇങ്ങനെ:
പുതിയ പ്രവേശന കവാടം: പാഴ്സൽ ഓഫിസിനു സമീപത്തായിരിക്കും പുതിയ താൽക്കാലിക പ്രവേശന കവാടം. നിലവിൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന പഴയ റിസർവേഷൻ കേന്ദ്രത്തിന് എതിർവശത്തായി മുഖ്യ പ്രവേശന കവാടവും അറിയിപ്പ് കേന്ദ്രവും (ഇൻഫർമേഷൻ സെന്റർ) ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
വിശ്രമകേന്ദ്രം: യാത്രക്കാർക്കുള്ള പൊതു വിശ്രമകേന്ദ്രം പഴയ വെജിറ്റേറിയൻ റസ്റ്ററന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റും.
യാത്രക്കാരും പൊതുജനങ്ങളും നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനും, കെട്ടിടങ്ങൾ പൊളിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും കൃത്യമായ വകുപ്പുതല ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. തൃശൂരിന്റെ മൾട്ടി മോഡൽ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും യോഗത്തിലുണ്ടായി. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്റ്റേഷൻ സന്ദർശിച്ച് വികസന ജോലികൾ നേരിട്ട് വിലയിരുത്തുകയും നിർമാണ ജോലിക്കാരുമായി സംവദിക്കുകയും ചെയ്തു.
യോഗത്തിൽ തൃശൂർ മേയർ നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ, ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിഎം എം.സന്ദീപ്, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ (DRM) ദിവ്യകാന്ത് ചന്ദ്രാകർ, കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് എൻജിനീയർ വിജയ് പാണ്ഡെ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷബിൻ ആസിഫ്, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ നിതിൻ നോബർട്ട്, കരാർ കമ്പനിയായ വെങ്കിടാചലപതി കൺസ്ട്രക്‌ഷൻസിന്റെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.