പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതി പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയിൽ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതി പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി
പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതി: പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

​പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതി: ഭരണഘടനാവിരുദ്ധതയില്ല, പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയിൽ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

​പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചതിനെ എങ്ങനെയാണ് തെറ്റായി കാണുകയെന്നും പദ്ധതി നിർത്തലാക്കാൻ എങ്ങനെ ആവശ്യപ്പെടുമെന്നും കോടതി മുൻപ് വാദത്തിനിടെ ചോദിച്ചിരുന്നു.

​ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായം തേടിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതി വഴി പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുമെന്നും ഇത് താങ്ങാൻ കഴിയാത്ത ഭാരമാണെന്നും ഹർജിക്കാരൻ വാദിച്ചു. കൂടാതെ, പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

​പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പൂർണ്ണമായും റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിക്കാരന്റെ ആവശ്യങ്ങൾ പൂർണ്ണമായി നിരാകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ഹർജി തള്ളിയിരിക്കുന്നത്. കോടതി ഉത്തരവോടെ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാം.