എസ്.പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മാക്ട അനുശോചിച്ചു
എസ്.പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മാക്ട അനുശോചിച്ചു മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് ഭാരവാഹികൾ
എസ്.പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മാക്ട അനുശോചിച്ചു; മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് ഭാരവാഹികൾ
കൊച്ചി: മലയാള ചലച്ചിത്ര സംഗീത ലോകത്തെ ഇതിഹാസ പ്രതിഭ എസ്.പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ 'മാക്ട' (MACTA) അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ മാക്ട ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ നന്ദിയോടെ സ്മരിച്ചു.
അവിസ്മരണീയമായ മെലഡികളിലൂടെയും, പശ്ചാത്തല സംഗീതത്തിലെ അതുല്യമായ മാസ്മരികതയിലൂടെയും മലയാള സിനിമയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ വ്യക്തിത്വമായിരുന്നു എസ്.പി. വെങ്കിടേഷെന്ന് യോഗം വിലയിരുത്തി. മാക്ടയുടെ തുടക്കകാലം മുതൽ സംഘടനയിൽ സജീവമായിരുന്ന അദ്ദേഹം, സിനിമയിലെ സഹപ്രവർത്തകർക്ക് പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്കും സംഘടനയ്ക്കും വലിയൊരു നഷ്ടമാണെന്ന് ഭാരവാഹികൾ കൂട്ടിചേർത്തു.
മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി. നായനാർ എന്നിവർ സംസാരിച്ചു. സംവിധായകരായ ജോസ് തോമസ്, സുന്ദർദാസ്, വേണു ബി. നായർ, തിരക്കഥാകൃത്ത് ബാബു പള്ളാശേരി തുടങ്ങിയവർ അദ്ദേഹവുമായുള്ള ആത്മബന്ധവും ഔദ്യോഗിക ജീവിതത്തിലെ നിമിഷങ്ങളും പങ്കുവെച്ചു.
ചെന്നൈയിൽ നടന്ന ചടങ്ങിൽ മാക്ടയ്ക്ക് വേണ്ടി എഡിറ്റർ പി.സി. മോഹനൻ, പി.ആർ.ഒ. അജയകുമാർ എന്നിവർ ചേർന്ന് ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ചു.

