താരസംഘടനയെ ഉലച്ച് വീണ്ടും വിവാദം ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ മാനേജർ അതുല്യ പൊലീസിലും ലേബർ ഓഫീസിലും പരാതി നൽകി

താരസംഘടനയായ അമ്മ യിൽ താൻ നേരിട്ട ക്രൂരമായ മാനസിക തൊഴിൽ പീഡനങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മാനേജർ അതുല്യ. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, നീന കുറുപ്പ്, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ പൊലീസിലും ലേബർ ഓഫീസിലും പരാതി നൽകിയതായും തന്നെ ഹണി ട്രാപ്പിൽ പെടുത്താൻ ഭാരവാഹികൾ ഗൂഢാലോചന നടത്തിയതായും വ്യക്തമാക്കുന്ന ഫോൺ റെക്കോർഡുകൾ അതുല്യ പുറത്തുവിട്ടു.

താരസംഘടനയെ ഉലച്ച് വീണ്ടും വിവാദം ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ മാനേജർ അതുല്യ പൊലീസിലും ലേബർ ഓഫീസിലും പരാതി നൽകി
താരസംഘടനയായ 'അമ്മ'യിൽ താൻ നേരിട്ട ക്രൂരമായ മാനസിക-തൊഴിൽ പീഡനങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മാനേജർ അതുല്യ.

കൊച്ചി: താരസംഘടനയായ ‘അമ്മ’യെ (A.M.M.A) വീണ്ടും പ്രതിക്കൂട്ടിലാക്കി ഭാരവാഹികൾക്കെതിരെ ഗുരുതരമായ തൊഴിൽ പീഡന, ഗൂഢാലോചന ആരോപണങ്ങളുമായി സംഘടനയിലെ മാനേജർ അതുല്യ രംഗത്ത്. താൻ നേരിട്ട ക്രൂരമായ മാനസിക-തൊഴിൽ പീഡനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അതുല്യ വിവരിച്ചത്. സംഭവത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീന കുറുപ്പ്, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ അതുല്യ സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ ലേബർ ഓഫീസർക്കും പരാതി നൽകി.

​തൊഴിൽ പീഡനം പുറത്തുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ ഭാരവാഹികൾ തനിക്കെതിരെ വലിയ ഗൂഢാലോചന നടത്തിയെന്നും അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും അതുല്യ ആരോപിക്കുന്നു. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും ഭാരവാഹികൾ ചേർന്ന് വലിയൊരു 'സ്ക്രിപ്റ്റ്' തന്നെ തയാറാക്കിയതായാണ് ആരോപണം.

​നേരത്തെ ‘അമ്മ’ ഓഫീസിൽ പീഡനം നേരിട്ടതായി സംഘടനയ്ക്കുള്ളിൽ പരാതി നൽകിയതിന് പിന്നാലെ ഭരണസമിതിയിലെ ചിലർ ഏകപക്ഷീയമായി അതുല്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ അമ്മ പ്രസിഡന്റ് ശ്വേതയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നടപടി റദ്ദാക്കുകയും അതുല്യയെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഓഫീസിലേക്ക് വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ (Work from home) മതിയെന്നുമുള്ള നിർദ്ദേശമാണ് നൽകിയത്. ഓഫീസിൽ കുക്കു പരമേശ്വരൻ ഉള്ളിടത്തോളം കാലം സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു ഇതെങ്കിലും, നിലവിൽ തനിക്ക് മറ്റ് ജോലികളൊന്നും നൽകുന്നില്ലെന്നും അതുല്യ വ്യക്തമാക്കുന്നു.

​ഹണി ട്രാപ്പ് ഗൂഢാലോചനയും ഓഡിയോ തെളിവുകളും

​തന്നെ ഹണി ട്രാപ്പ് കേസിൽ കുടുക്കാനോ സെക്യൂരിറ്റി ജീവനക്കാരനുമായി ചേർത്ത് അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാനോ കുക്കു പരമേശ്വരനും നീന കുറുപ്പും ശ്രമിച്ചതായാണ് അതുല്യയുടെ പ്രധാന ആരോപണം. ട്രഷറർ ഉണ്ണി ശിവപാലിനെ രക്ഷിക്കാൻ വേണ്ടി, അതുല്യ തന്നെ 'ഹണി ട്രാപ്പിൽ' പെടുത്തിയതാണെന്ന് കമ്മിറ്റിക്ക് മുന്നിൽ പറയണമെന്ന് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദിനോട് കുക്കു പരമേശ്വരൻ ആവശ്യപ്പെട്ടതായി അതുല്യ പറയുന്നു. ഇതിനായി മുഹമ്മദിനെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തു. ഇക്കാര്യം മുഹമ്മദ് തന്നെ ഫോണിൽ വിളിച്ച് സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് അതുല്യ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

​കൂടാതെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീന കുറുപ്പിന്റേതായി പുറത്തുവന്ന വോയ്‌സ് ക്ലിപ്പും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. നടി ലക്ഷ്മി പ്രിയയുമായി മുൻപ് വഴക്കിട്ടപ്പോൾ താൻ 'വിക്ടിം ഗെയിം' കളിക്കുകയായിരുന്നുവെന്നും അതുല്യയോടും അത് തന്നെ ചെയ്യണമെന്നും നീന കുറുപ്പ് പറയുന്നതാണ് ഓഡിയോ. മാധ്യമങ്ങളോട് സംസാരിച്ചതിനെ പരിഹസിച്ചുകൊണ്ട് അധിക്ഷേപകരമായ പരാമർശങ്ങളും ഇതിലുണ്ട്. ഈ വോയ്‌സ് ക്ലിപ്പുകളെല്ലാം തെളിവായി അതുല്യ കമ്മീഷണർക്ക് കൈമാറി.

​ഭാരവാഹികളിൽ നിന്നുള്ള മാനസിക പീഡനം അതിരുകടന്നതോടെയാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് അതുല്യ വ്യക്തമാക്കി. തൊഴിൽ പീഡനത്തിനെതിരെ ജില്ലാ ലേബർ ഓഫീസർക്കും, ഗൂഢാലോചനയ്ക്കും ഭീഷണിക്കുമെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. താരസംഘടനയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് പരാതിക്കാരി.