നടിയെ ആക്രമിച്ച കേസ് പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ 20 വർഷത്തെ കഠിനതടവ് മരവിപ്പിച്ച് ജാമ്യം നൽകണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; 'സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം'
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി സുനിൽ എൻ.എസ്. (പൾസർ സുനി) നൽകിയ ശിക്ഷ മരവിപ്പിക്കൽ ഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരസിച്ചത്.
വിചാരണക്കാലയളവിലടക്കം ദീർഘകാലം ജയിലിലായിരുന്നു എന്നത് ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നതും സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് ഈ കുറ്റകൃത്യമെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ഗുരുതരമായ ക്രിമിനൽ പശ്ചാത്തലവും മുൻപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച ചരിത്രവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ തക്കതായ യാതൊരു അസാധാരണ സാഹചര്യവും നിലവിലില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദീർഘകാലം ജയിൽവാസം ആനുകൂല്യത്തിനുള്ള കാരണമല്ല
താൻ എട്ടു വർഷത്തോളം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നായിരുന്നു പൾസർ സുനിയുടെ പ്രധാന വാദം. എന്നാൽ, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ ക്രൂരമായ കുറ്റകൃത്യമാണെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും അതിജീവിതയുടെ അഭിഭാഷകനും കോടതിയിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെയും സുരക്ഷിതത്വബോധത്തെയും തകിടം മറിക്കുന്നതാണ് ഈ കൃത്യം. നിയമവാഴ്ചയിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുമുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം കേസുകളിൽ ദീർഘകാലത്തെ ജയിൽവാസം ഒരു ആനുകൂല്യമായി കാണാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
ഹർജിക്കാരന് കുറ്റകൃത്യത്തിലുള്ള പങ്ക്, ഇതിന്റെ തീവ്രത, പ്രതിക്കെതിരെയുള്ള മറ്റ് 11 ഗുരുതര ക്രിമിനൽ കേസുകൾ, മുൻപ് ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് മറ്റൊരു കേസിൽ ഉൾപ്പെട്ടത് എന്നിവയെല്ലാം കോടതി വിധിയിൽ എടുത്തുപറഞ്ഞു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളി കോടതി
വിചാരണക്കോടതി തെളിവുകൾ ശരിയായ രീതിയിലല്ല വിലയിരുത്തിയതെന്നും അതിജീവിതയുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഗൂഢാലോചനക്കേസിലെ എട്ടാം പ്രതിയെ കോടതി വെറുതെ വിട്ടതോടെ പ്രോസിക്യൂഷന്റെ വലിയൊരു വാദം പൊളിഞ്ഞതായും, ഹൈക്കോടതിയിലെ അപ്പീലുകൾ തീർപ്പാക്കാൻ വർഷങ്ങളെടുക്കുമെന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ സുനി ജാമ്യം അർഹിക്കാത്ത സ്ഥിരം കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊള്ളയടി, തട്ടിപ്പ്, ലഹരിമരുന്ന് കേസുകൾ ഉൾപ്പെടെയുള്ള പശ്ചാത്തലം ഇയാൾക്കുണ്ട്. മുൻപ് സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രസ്താവന നടത്തി സുനി വ്യവസ്ഥകൾ ലംഘിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയാൽ ഇയാൾ ഒളിവിൽ പോകാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.