നെഞ്ചുനീറുന്ന ഓർമ്മകളുമായി സേതുമാധവൻ വീണ്ടും കിരീടം 4K റീ റിലീസ് ട്രെയിലർ പുറത്തിറങ്ങി
മോഹൻലാൽ നായകനായ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമ കിരീടം 4K ദൃശ്യഭംഗിയിൽ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ഭാഗമായി റീ റിലീസ് ട്രെയിലർ പുറത്തിറങ്ങി. ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നെഞ്ചുനീറുന്ന ഓർമ്മകളുമായി സേതുമാധവൻ വീണ്ടും; 'കിരീടം' 4K റീ-റിലീസ് ട്രെയിലർ പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിലൊന്നായ 'കിരീടം' അത്യാധുനിക ദൃശ്യ-ശ്രാവ്യ ഭംഗിയോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ആവേശഭരിതമായ 4K ഡോൾബി അറ്റ്‌മോസ് റീ-റിലീസ് ട്രെയിലർ പുറത്തിറങ്ങി. കൊച്ചിയിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മോഹൻലാൽ, പാർവതി അടക്കമുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്നാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ നേതൃത്വത്തിൽ വരുന്ന ജൂലൈ മാസത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള റീ-റിലീസുകളിൽ വെച്ച് ഏറ്റവും മികച്ച റെസ്റ്റോറേഷൻ മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സേതുമാധവന്റെയും ദേവിയുടെയും പ്രണയവും, അച്യുതൻ നായരുടെയും കീരിക്കാടൻ ജോസിന്റെയും മാസ്സ്-ഇമോഷണൽ രംഗങ്ങളുമെല്ലാം പുതിയ കാലത്തിന്റെ മിഴിവോടെ ട്രെയിലറിൽ പുനർജനിച്ചിട്ടുണ്ട്. ട്രെയിലർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
1989-ൽ സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കിരീടം 37 വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകരുടെ ഉള്ളിൽ നീറുന്ന ഒരു ഓർമ്മയാണ്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമിച്ചത്.
മോഹൻലാൽ-തിലകൻ കൂട്ടുകെട്ടിനൊപ്പം മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പാർവതി, മുരളി, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, മോഹൻരാജ് (കീരിക്കാടൻ ജോസ്), ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, ജഗദീഷ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രസാദ് കോർപ്പ് ആണ് ചിത്രത്തിന്റെ റെസ്റ്റോറേഷൻ നിർവ്വഹിച്ചത്, 4K റീമാസ്റ്ററിങ് ഹൈ സ്റ്റുഡിയോസും, ട്രെയിലർ കട്ട്സ് ഡോൺ മാക്സും നിർവ്വഹിച്ചിരിക്കുന്നു. മുൻപ് റിലീസ് ചെയ്ത ചിത്രങ്ങളേക്കാൾ ഒറിജിനാലിറ്റിയും മിഴിവുമേറിയ ദൃശ്യവിരുന്നാകും കിരീടത്തിന്റെ രണ്ടാം വരവെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ