ചിറ്റാറ്റുകര വധശ്രമക്കേസ് പറവൂരിനെ വിറപ്പിച്ച ക്രിമിനൽ ഒടുവിൽ കാപ്പ കുടുക്കിൽ, വിയ്യൂർ ജയിലിലേക്ക്
വടക്കേക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോതുരുത്ത് സ്വദേശി ബെന്റോയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
ചിറ്റാറ്റുകര വധശ്രമക്കേസ്; പറവൂരിനെ വിറപ്പിച്ച ക്രിമിനൽ ഒടുവിൽ 'കാപ്പ' കുടുക്കിൽ, വിയ്യൂർ ജയിലിലേക്ക്
പറവൂർ: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ) അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെന്റോ (26) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലാക്കിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
വടക്കേക്കര, നോർത്ത് പറവൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, മാരകമായി ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഏപ്രിൽ 15-ന് വടക്കേക്കര ചിറ്റാറ്റുകര പാലം ഇറങ്ങി നീണ്ടൂരിലേക്കുള്ള റോഡിന് സമീപം വച്ച് ഇയാളും സംഘവും ചേർന്ന് ഒരു യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ശുപാർശ ചെയ്തത്.
വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് റൂറൽ പോലീസ് അറിയിച്ചു