​രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇരട്ട പൗരത്വ ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാരോ കേന്ദ്ര ഏജൻസികളോ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു

​രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്
​രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം: അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്

 ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അതല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക തീരുമാനം.

​നേരത്തെ, രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്ന വിഘ്‌നേഷിന്റെ ആവശ്യം ലക്നൗവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തള്ളിയിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിഘ്‌നേഷ് ഹൈക്കോടതിയെ സമീപിച്ചത്.

​കർണാടക സ്വദേശിയായ പരാതിക്കാരൻ ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിനേഴ്സ് ആക്ട്, പാസ്‌പോർട്ട് ആക്ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു പരാതി സമർപ്പിച്ചിരുന്നത് എങ്കിലും, 2025 ഡിസംബർ 17ന് ഹൈക്കോടതി കേസ് ലക്നൗ കോടതിയിലേക്ക് മാറ്റിയിരുന്നു. ലക്നൗ കോടതി ഹർജി തള്ളിയതിനെത്തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന് ഇപ്പോൾ അനുകൂലമായ ഉത്തരവ് ലഭിച്ചിരിക്കുകയാണ്.

​രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ സ്വീകരിക്കുന്ന അടുത്ത നീക്കങ്ങൾ രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുകയാണ്.