അനന്തൻ കാട് ഉടൻ തിയേറ്ററുകളിലേക്ക് ജാക്സണായി അപ്പാനി ശരത്തിന്റെ വേറിട്ട വേഷപ്പകർച്ച, ക്യാരക്ടർ പോസ്റ്റർ പുറത്ത്
മുരളി ഗോപിയുടെ തിരക്കഥയിൽ ആര്യ നായകനാകുന്ന അനന്തൻ കാട് ചിത്രത്തിലെ അപ്പാനി ശരത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.
അനന്തൻ കാട്' റിലീസിന് ഒരുങ്ങി; ജാക്സണായി അപ്പാനി ശരത് വീണ്ടും പ്രേക്ഷകരിലേക്ക്
കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'അനന്തൻ കാട്' റിലീസിന് ഒരുങ്ങി. ചിത്രത്തിലെ താരത്തിന്റെ 'ജാക്സൺ' എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൻ ജനശ്രദ്ധ നേടിയ ഈ ചിത്രം ഈ മാസം 25-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമെ തമിഴിലും മുൻനിര സംവിധായകർക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പാനി ശരത്തിന്റെ മറ്റൊരു കരുത്തുറ്റ കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റർ സൂചന നൽകുന്നു.
സൂപ്പർഹിറ്റ് ചിത്രം ‘ടിയാന്’ ശേഷം പ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും ‘അനന്തൻ കാടി’നുണ്ട്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ആര്യയാണ് നായകൻ. പ്രമുഖ നടി നിഖില വിമലാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
"ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നത്. അവയെ പരുവപ്പെടുത്തി, ആഴം കണ്ടെത്തി, ജീവൻ കൊടുക്കുന്നത് സമർത്ഥനായ ഒരു എഴുത്തുകാരനാണ്. മുരളി ഗോപി എന്ന തൂലികാജാലവിദ്യക്കാരൻ രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിൽ അത്തരത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് തിരശ്ശീലയിൽ എത്തുന്നത്. അതിലൊന്നാണ് എന്റെ ജാക്സൺ," അപ്പാനി ശരത് തന്റെ പുതിയ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു.
ഒൻപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ‘അപ്പാനി രവി’ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുന്ന ശരത്തിന്റെ കരിയറിലെ വലിയൊരു വേഷപ്പകർച്ചയായിരിക്കും ഈ ചിത്രത്തിലെ ജാക്സൺ. മുരളി ഗോപി ഊതിക്കാച്ചിയ വേരാഴമുള്ള ഈ കഥാപാത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഹിറ്റ് ചിത്രം ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളിൽ അവതരിപ്പിക്കുന്നത്. മികച്ചൊരു സിനിമാനുഭവം സമ്മാനിക്കുന്ന ശക്തമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നാണ് സൂചന.