ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്

കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ 15 ആദിവാസി ഊരുകളിലെ കുട്ടികൾക്ക് പോഷകാഹാര കിറ്റുകളും വൈറ്റമിൻ സപ്ലിമെന്റുകളും നൽകുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പോഷകാമൃതം പദ്ധതി പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
'പോഷകാമൃതം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിക്കുന്നു

പോഷകാമൃതം പദ്ധതിക്ക് തുടക്കം; ആദിവാസി കുരുന്നുകൾക്ക് കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്

​കൊച്ചി: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'പോഷകാമൃതം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു.

​പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള ഫണ്ട് കൃത്യവും കാര്യക്ഷമവുമായി ഉപയോഗപ്പെടുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ തനത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം എല്ലാ മാസവും കുട്ടികൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​15 ആദിവാസി സങ്കേതങ്ങളിലെ 300 ഓളം കുട്ടികൾക്ക് പ്രയോജനം

​ജില്ലയിലെ പട്ടികവർഗ മേഖലകളിൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവുള്ളവരെ മെഡിക്കൽ പരിശോധനയിലൂടെ കണ്ടെത്തി വൈറ്റമിൻ സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഫുഡ് കിറ്റുകളും നൽകുന്നതാണ് പോഷകാമൃതം പദ്ധതി. കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലെ 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

​പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ് മുഖേനയാണ് മെഡിക്കൽ പരിശോധനയും ആനുകൂല്യ വിതരണവും നടത്തുന്നത്. ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം എന്നിവ അടങ്ങിയ പോഷകാഹാര കിറ്റ് ത്രിവേണി സൂപ്പർമാർക്കറ്റ് വഴിയാണ് ലഭ്യമാക്കുന്നത്. ഡോ. മേഗലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ആദ്യ ക്യാമ്പിന് നേതൃത്വം നൽകിയത്.

​കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റസിയ റഹ്മത്ത്, ശ്രീദേവി മധു, ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി. മനോജ്, മറ്റ് ഉദ്യോഗസ്ഥർ, ഊര് മൂപ്പൻ ലക്ഷ്മണൻ, കാണിക്കാരൻ ചുങ്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.