തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു

ലോകോത്തര ചികിത്സ ലഭ്യമാക്കാൻ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും മോഡുലാർ തിയേറ്ററുകളും പ്രവർത്തനമാരംഭിച്ചു

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു
പുതിയ വിഭാഗങ്ങളുടെ ഉദ്ഘാടനം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസും തൊടുപുഴ എം.എൽ.എ അപു ജോൺ ജോസഫും ചേർന്ന് നിർവഹിച്ചു.

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും പ്രവർത്തനമാരംഭിച്ചു

തൊടുപുഴ: ആധുനിക ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സജ്ജീകരിച്ച നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, ക്ലിനിക്കൽ റേഡിയോളജി വിഭാഗം എന്നിവ നാടിന് സമർപ്പിച്ചു. നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളുടെയും ഉദ്ഘാടനം ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസും, ക്ലിനിക്കൽ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ എം.എൽ.എയും ചീഫ് വിപ്പുമായ അപു ജോൺ ജോസഫും നിർവഹിച്ചു.

മിതമായ നിരക്കിൽ ലോകോത്തര ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂതന സാങ്കേതികവിദ്യകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള പുതിയ വിഭാഗങ്ങൾ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ:

നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്: കാൻസർ രോഗനിർണയം, ചികിത്സ, തുടർപരിചരണം എന്നിവ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെയും വിദഗ്ധ ഡോക്ടർമാരുടെയും സഹായത്തോടെ ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ വ്യക്തിഗത ചികിത്സ ഇവിടെ ലഭ്യമാകും.

മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ: അവയവമാറ്റം ഉൾപ്പെടെയുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഏറ്റവും കൃത്യതയോടെ നടത്താൻ സാധിക്കുന്ന തരത്തിലാണ് മൂന്ന് തിയേറ്ററുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. അണുബാധ നിയന്ത്രണത്തിനുള്ള ഡിഫറൻഷ്യൽ പ്രഷർ മോണിറ്ററിങ് സിസ്റ്റം, സെൻസർ അധിഷ്ഠിത ടച്ച് സ്ക്രീൻ, ശസ്ത്രക്രിയകൾ തത്സമയം നിരീക്ഷിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള ലൈവ് സ്ട്രീമിങ് സംവിധാനങ്ങൾ എന്നിവ ഇതിലുണ്ട്. കൂടാതെ, റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ, നൂതന പ്രസവ പരിചരണ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്.

ക്ലിനിക്കൽ റേഡിയോളജി വിഭാഗം: എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ, കാത്ത് ലാബ്, അൾട്രാസൗണ്ട്, മാമോഗ്രാം പരിശോധനകൾക്കൊപ്പം വലിയ ശസ്ത്രക്രിയകൾക്ക് പകരമായി നടത്തുന്ന ആധുനിക ചികിത്സാരീതിയായ ഇന്റർവെൻഷണൽ റേഡിയോളജിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. വിശാൽ എബ്രഹാം, തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. രാമൻ സരവണൻ എന്നിവരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. ആധുനിക ചികിത്സാ സേവനങ്ങൾ ഏവർക്കും പ്രാപ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.