പൃഥ്വിരാജിന്റെ മാസ്സ് താണ്ഡവം 50 കോടി ക്ലബ്ബിൽ ഖലീഫ , മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചു
പൃഥ്വിരാജ് വൈശാഖ് കൂട്ടുക്കെട്ടിലൊരുങ്ങിയ മാസ്സ് ആക്ഷൻ ചിത്രം ഖലീഫ ആഗോള തലത്തിൽ 50 കോടി ക്ലബ്ബിൽ കടന്നു. മോഹൻലാലും ടൊവിനോയും അതിഥി വേഷങ്ങളിലെത്തുന്ന ചിത്രം കേരളത്തിലും വിദേശത്തും മികച്ച കളക്ഷനോടെ പ്രദർശനം തുടരുന്നു.
50 കോടി അടിച്ച് 'ഖലീഫ' ലാലേട്ടനും ടൊവിനോയും ആറാടിയ പൃഥ്വിരാജ് പടത്തിന് വൻ റെക്കോർഡ്
കൊച്ചി: ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങളോടെ പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിന്റെ മാസ്സ് ആക്ഷൻ ചിത്രം "ഖലീഫ". തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്ന ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു. നേട്ടം ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഈ വർഷത്തെ ഓണം റിലീസായി എത്തിയ ചിത്രം, അവധിക്കാലത്തിന് ശേഷവും കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. കേരള ബോക്സ് ഓഫീസിന് പുറമേ വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
നായക കഥാപാത്രമായ ആമിർ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും മാസ് മുഹൂർത്തങ്ങളും യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.
'മാമ്പറക്കൽ അഹമ്മദ് അലി' എന്ന ശക്തമായ കഥാപാത്രമായി മോഹൻലാലും, 'ഐവർ അലക്സാണ്ടർ' ആയി ടോവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയത് ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാലാകും രണ്ടാം ഭാഗത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക.
ജോമോൻ ടി ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ചേർന്നാണ് മാസ്സ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.