യുവതിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസ് പ്രതി കാപ്പ ചുമത്തി ജയിലിലടച്ചു
തിരുവാണിയൂരിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതി അഭിജിത്തിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലയിൽ ഈ വർഷം കാപ്പ ചുമത്തപ്പെടുന്ന ഇരുപതാമത്തെ പ്രതിയാണിത്.
വധശ്രമ കേസ് പ്രതി കാപ്പ ചുമത്തി ജയിലിലടച്ചു
തിരുവാണിയൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്തിനെയാണ് (29) എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, ഭവനഭേദനം, സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗക്കാർക്കുമെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അഭിജിത്ത്. കഴിഞ്ഞ ഏപ്രിൽ 30-ന് തിരുവാണിയൂർ അമ്പലംപടിയിൽ വെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ സ്കൂട്ടറിൽ തടഞ്ഞുനിർത്തി കൊലപാതക ഭീഷണി മുഴക്കുകയും, ദേഹോപദ്രവമേൽപ്പിച്ച് സ്വർണ്ണമാലയും ചെയിനും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.എ. നിഷാദ് മോൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർ എം. സാഹിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എ. അനീഷ്, വിനു അബ്രഹാം, എ.കെ. പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലയിൽ നിരന്തര കുറ്റവാളികളായ 20 പേരെയാണ് ഈ വർഷം ഇതുവരെ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുള്ളത്.