​ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര ആദ്യ ഗാനം പുറത്ത്

പവൻ സാദിനേനി സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ആകാശംലോ ഒക താര യിലെ ആദ്യ ഗാനം കുട്ടി കുട്ടി പൂവേ റിലീസ് ചെയ്തു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

​ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര ആദ്യ ഗാനം പുറത്ത്
സിനിമ പോസ്റ്റർ

​ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'; ആദ്യ ഗാനം പുറത്ത്

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. നായകന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഗാനം റിലീസ് ചെയ്തത്. തെലുങ്കിൽ 'ചിട്ടി ചിട്ടി ചീമ' എന്നെത്തുന്ന ഗാനത്തിന്റെ മലയാളം പതിപ്പായ 'കുട്ടി കുട്ടി പൂവേ' ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

​ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അരുൺ ആലാട്ട് വരികൾ രചിച്ച മലയാളം ഗാനം നിത്യ മാമ്മൻ ആണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുൽഖറും നായികയായ പുതുമുഖം സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് ആദ്യ ഗാനം നൽകുന്ന സൂചന. ശ്രുതി ഹാസനും ചിത്രത്തിൽ മറ്റൊരു നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.

​സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് 'ആകാശംലോ ഒക താര' പ്രദർശനത്തിന് എത്തുന്നത്. മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ദുൽഖർ നായകനാകുന്ന തെലുങ്ക് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.