കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും

​പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിംഗിനെതിരെ നടപടി കർശനമാക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി. ലംഘനമുണ്ടായാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും
സോഷ്യൽ പോലീസിങ്ങ് ജില്ലാതല സംഗമം സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും

കുട്ടികളുടെ ഡ്രൈവിംഗ്: രക്ഷിതാക്കൾക്കെതിരെ കേസെടുക്കും; 25 വയസ്സ് വരെ ലൈസൻസ് നൽകില്ലെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

കണ്ണൂർ:  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിംഗിനെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്നും സിറ്റിപോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കും. ഇതു കൂടാതെ കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ട കുട്ടികള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കുന്നത് തടയാനും നിയമമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ ഇത്തരത്തിലുള്ള കേസുകള്‍ കുറവാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു

സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാടാനും കുറ്റവാളികളില്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും ജനപങ്കാളിത്തം അനിവാര്യമാണെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഢി പറഞ്ഞു. കണ്ണൂര്‍ സിറ്റി പോലീസ് ഡിവിഷന്‍ സോഷ്യല്‍ പോലീസിങ്ങ് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി വന്നതോടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതോടെ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വന്‍ കുറവുകള്‍ വന്നിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും വലിയ തോതില്‍ നിയന്ത്രിക്കാന്‍ ഇതുവഴി കഴിഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. 

വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സോഷ്യല്‍ പോലീസിംഗ് നടപ്പിലാക്കുക. ജനകീയ പങ്കാളിത്തത്തോടെ സമൂഹത്തില്‍ നീതിയും സമാധാന പൂര്‍ണ്ണമായ ജീവിതവും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരെയെല്ലാം സോഷ്യല്‍ പോലീസിങ്ങിന്റെ ഭാഗമാക്കും. 

കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന്‍ നിയന്ത്രിക്കണം

കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന്‍ പല കുറ്റകൃത്യങ്ങളിലേക്കും വഴി തെളിക്കുന്നുണ്ടെന്നും ഇത്തരം കേസുകള്‍ നാട്ടില്‍ കൂടി വരുന്നുവെന്നത് ഖേദകരമായ സത്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു. കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ പോംവഴികളുമുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്ത് ഇതിനുള്ള കൗണ്‍സിലിങ്ങ് ലഭ്യമാണ്. ഇതിനകം ആയിരത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടക്കത്തിലേ നിരീക്ഷിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. മോശം കൂട്ടുകെട്ടുകള്‍, ഗെയിമുകളോടുള്ള ആസക്തിയും കുറ്റകൃത്യങ്ങളിലേക്കുള്ള തുടക്കമാണ്. ഇവ മുളയിലെ നുള്ളാന്‍ സാധിക്കണം. കൗണ്‍സിലിങ്ങ് സെന്ററുകളിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

. ജില്ലാതല സംഗമത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ ലിഷ ദീപക്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.പി.ആസാദ്, നാര്‍ക്കോട്ടിക് സബ് ഇന്‍സ്്പെക്ടര്‍ എന്‍.പി.രാഘവന്‍, എ.എസ്.ഐ പി.സുനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സാമൂഹ്യ ക്ലബ്ബ് പ്രതിനിധികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.