പമ്പുകളിൽ ഇന്ധനക്ഷാമമില്ല, കുപ്പികളിൽ പെട്രോളും ഡീസലും തരില്ല കടുത്ത നിയന്ത്രണങ്ങളുമായി കളക്ടർ ജി പ്രിയങ്ക
എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
എറണാകുളത്ത് ഇന്ധനക്ഷാമമില്ല, ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ; നിയന്ത്രണം ബൾക്ക് ഉപഭോക്താക്കൾക്ക് മാത്രം
കൊച്ചി: എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം. വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കളക്ടർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി-ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കളക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.
200 ലിറ്റർ വരെ വാങ്ങാം; നിയന്ത്രണം വൻകിടക്കാർക്ക്
ജൂൺ 11-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് (വൻകിട ഉപഭോക്താക്കൾ) മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ലെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
പെസോ (PESO) അംഗീകൃത കണ്ടെയ്നറുകൾ നിർബന്ധം
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇനി മുതൽ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. മുൻപും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് വലിയ സുരക്ഷാ ഭീഷണിയായതിനാലാണ് പെസോ അംഗീകൃത കണ്ടെയ്നറുകൾ വേണമെന്ന് നിഷ്കർഷിക്കുന്നത്.
നിലവിൽ വിപണിയിൽ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവുണ്ട്. ഇത് പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഇത്തരം ക്യാനുകളുടെ ലഭ്യത ഉറപ്പാക്കി ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടർ അറിയിച്ചു.