ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ് അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിക്കുക. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ഫെബ്രുവരി 17-നായിരുന്നു കേരളത്തെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ തടസ്സമായ കുഞ്ഞിനെ ശരണ്യ പുലർച്ചെ കടപ്പുറത്തെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി ഒന്നും അറിയാത്തപോലെ കിടന്നുറങ്ങിയ ശരണ്യ, രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം തിരച്ചിൽ നടത്തുകയും ചെയ്തു.
കുറ്റം ഭർത്താവായ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു ശരണ്യയുടെ ആദ്യ ശ്രമം. ഇതിനായി അകന്നു കഴിയുകയായിരുന്ന പ്രണവിനെ തലേദിവസം ശരണ്യ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനായ നിധിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് ഇവർ മൊഴി നൽകി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ നിധിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

