പ്രധാനമന്ത്രി 23 ന് തലസ്ഥാനത്തേക്ക്
കേരളത്തിൽ തിരഞ്ഞെടുപ്പ് ചടുലമാക്കി ബിജെപി വിനോദ് താവ്ഡെ ഇൻ ചാർജ്, 23-ന് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും
കേരളത്തിൽ തിരഞ്ഞെടുപ്പ് ചടുലമാക്കി ബിജെപി; വിനോദ് താവ്ഡെ ഇൻ ചാർജ്, 23-ന് പ്രധാനമന്ത്രി തലസ്ഥാനത്ത്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ കേരളത്തിലെ ഇലക്ഷൻ ഇൻ ചാർജായി കേന്ദ്ര നേതൃത്വം നിയമിച്ചു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയ്ക്കാണ് സഹ ചുമതല. ഇതിന് പിന്നാലെ, ഈ മാസം 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതോടെ സംസ്ഥാനത്ത് വൻ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് നഗരത്തിൽ വിപുലമായ റോഡ് ഷോ നടക്കും. തുടർന്ന് 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ കാൽ ലക്ഷം പ്രവർത്തകർ പങ്കെടുക്കും.
വികസന ബ്ലൂപ്രിന്റും പുതിയ ട്രെയിനുകളും
തിരുവനന്തപുരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള 'വികസിത തിരുവനന്തപുരം ബ്ലൂപ്രിന്റ് 2030' ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി മേയർക്ക് കൈമാറും. റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിക്കും.
സമരപരമ്പരയുമായി ബിജെപി
സംസ്ഥാന സർക്കാരിനെതിരെയും യുഡിഎഫിനെതിരെയും ശക്തമായ സമരപരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ വസതികളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കൂടാതെ, ജനുവരി 22-ന് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെയും മുക്കത്തെയും ഓഫീസുകളിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കുമെന്നും നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

