താരസംഘടനയിൽ കൂട്ടരാജി ശ്വേത മേനോനും ഭരണസമിതിയും രാജിവെച്ചു, അംഗത്വവും ഉപേക്ഷിച്ച് ശ്വേത

താരസംഘടനയായ അമ്മ യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വവും ശ്വേത ഉപേക്ഷിച്ചു

താരസംഘടനയിൽ കൂട്ടരാജി ശ്വേത മേനോനും ഭരണസമിതിയും രാജിവെച്ചു, അംഗത്വവും ഉപേക്ഷിച്ച് ശ്വേത
A.M.M. A ശ്വേത മേനോനും ഭരണസമിതിയും രാജിവെച്ചു

അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോനും ഭരണസമിതിയും രാജിവെച്ചു; പ്രാഥമിക അംഗത്വവും ഉപേക്ഷിച്ച് ശ്വേത

കൊച്ചി: മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് താരസംഘടനയായ ‘അമ്മ’യിൽ കനത്ത പൊട്ടിത്തെറിയും കൂട്ടരാജിയും. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചൊഴിഞ്ഞു. ഇതിന് പിന്നാലെ, സംഘടനയുടെ പ്രാഥമിക അംഗത്വം പോലും രാജിവെക്കുന്നുവെന്ന വിപ്ലവകരമായ പ്രഖ്യാപനവുമായി ശ്വേതാ മേനോൻ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ചു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള ഗൂഢാലോചനയാണ് ജനറൽ ബോഡിയിൽ നടന്നതെന്ന് ശ്വേത പരസ്യമായി തുറന്നടിച്ചു.

​കണക്കുകളെച്ചൊല്ലി തർക്കം, യോഗത്തിൽ കലുഷിതാന്തരീക്ഷം

​രാവിലെ മോഹൻലാൽ ഉദ്ഘാടനം ചെയ്ത ജനറൽ ബോഡി യോഗം ആരംഭിച്ചതു മുതൽ തന്നെ ഭരണസമിതിക്കെതിരെ ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവു-ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ നേർക്കുനേർ തർക്കിച്ചതോടെയാണ് യോഗം കലുഷിതമായത്. കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിർന്ന ഭാരവാഹികളുടെ പാനൽ റിപ്പോർട്ട് പാസാക്കുന്നതിനെ ശക്തമായി എതിർത്തു.

​കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും നിലപാടെടുത്തു. ഇതോടെ പ്രതിസന്ധിയിലായ പ്രസിഡന്റ് ശ്വേത മേനോൻ, വിഷയത്തിൽ വിശദമായ പഠനം നടത്താൻ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഒരു വിഭാഗം അംഗങ്ങൾ ഇതിന് വഴങ്ങിയില്ല.

​ഇടപെട്ട് മോഹൻലാൽ; വികാരാധീനനായി സംസാരിച്ചു

​ഭരണസമിതിയും അംഗങ്ങളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ അതിരുകടന്നതോടെ, സംഘടനയിലെ തർക്കങ്ങൾ പരിഹരിക്കാൻ മുൻ പ്രസിഡന്റായ മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം മൈക്കിന് മുന്നിലെത്തിയ മോഹൻലാൽ അതീവ വൈകാരികമായാണ് ജനറൽ ബോഡിയിൽ സംസാരിച്ചത്. "അംഗങ്ങൾക്കിടയിൽ വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും, ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും സാധിക്കില്ല," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​അവിശ്വാസപ്രമേയ ഒപ്പുശേഖരണവും കൂട്ടരാജിയും

​ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം പാസാക്കി നാണംകെടുത്തുന്നതിന് മുൻപ് തന്നെ ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന സമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിൽ ഒരു ഭാഗത്ത് രജിസ്ട്രേഷൻ നടക്കുമ്പോൾ, മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് ശേഖരിക്കുകയായിരുന്നുവെന്ന് ശ്വേത ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത.

​ട്രഷറർ ഒളിച്ചോടി, മുൻ കമ്മിറ്റിക്കും പിഴവുകൾ: ശ്വേത മേനോൻ

​രാജിവെച്ച് പുറത്തിറങ്ങിയ ശേഷം വികാരാധീനയായാണ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് സംസാരിച്ചത്. "പണ്ട് കുറച്ചു സ്ത്രീകൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഇന്ന് എനിക്കും തോന്നിപ്പോകുന്നു. ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നിന് പുള്ളി ഓടിയൊളിച്ചു. 'അമ്മ'യിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ മൂപ്പർ മുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല," ശ്വേത വ്യക്തമാക്കി.

​സെപ്റ്റംബർ ഒന്നു മുതലുള്ള തങ്ങളുടെ കമ്മിറ്റിയുടെ കണക്കുകൾ കൃത്യമാണെന്നും ഇതിന് മുൻപ് ബാബുരാജിന്റെ കമ്മിറ്റിയുടെ കാലത്താണ് ഒരുപാട് കുഴപ്പങ്ങളുണ്ടായതെന്നും ശ്വേത ആരോപിച്ചു. സംഘടനയിൽ വെറുമൊരു പാവയായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ശ്വേത പടിയിറങ്ങിയത്. വലിയ പ്രതീക്ഷകളോടെ വന്ന വനിതാ ഭരണസമിതിയെ പൂർണ്ണമായും തനിച്ചാക്കി, കുറ്റാരോപിതർക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള വഴി ഒരുക്കിക്കൊണ്ടാണ് ‘അമ്മ’യിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന ആക്ഷേപം ശക്തമാണ്. ഭരണസമിതിയുടെ കൂട്ടരാജിയോടെ താരസംഘടന ഇനി എങ്ങോട്ട് എന്ന ചോദ്യം സിനിമാ ലോകത്ത് ഉയർന്നു കഴിഞ്ഞു.