വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് പുനരുജ്ജീവിപ്പിക്കും അടിയന്തര നടപടിയുമായി കായിക വകുപ്പ്
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ തോക്കുകളുടെ ലൈസൻസ് അടിയന്തരമായി പുതുക്കാൻ മന്ത്രിമാരായ ഒ. ജെ. ജനീഷും കെ. മുരളീധരനും നിർദ്ദേശം നൽകി.
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ പ്രതാപം വീണ്ടെടുക്കും: അടിയന്തര നടപടികളുമായി കായികവകുപ്പ്
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാൻ കായിക-യുവജനകാര്യ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർദ്ദേശം നൽകി. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രിയും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ. മുരളീധരനൊപ്പം ഷൂട്ടിംഗ് റേഞ്ച് നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി നിർദ്ദേശം നൽകിയത്.
വിഷയത്തിൽ ഉടനടി ഇടപെടൽ നടത്താൻ കായികവകുപ്പ് ഡയറക്ടർ റിജിലിനോട് മന്ത്രി ആവശ്യപ്പെട്ടു. ഷൂട്ടിംഗ് റേഞ്ചിന്റെ പരിപാലനത്തിൽ വന്ന പോരായ്മകൾ കെ. മുരളീധരൻ എം.എൽ.എ കായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു സംയുക്ത സന്ദർശനം.
ഇന്ത്യയിലെ പ്രമുഖ അഞ്ച് ഷൂട്ടിംഗ് റേഞ്ചുകളിൽ ഒന്നായ വട്ടിയൂർക്കാവിൽ കഴിഞ്ഞ ആറു വർഷമായി ടൂർണമെന്റുകളൊന്നും നടന്നിരുന്നില്ല. ഇതിന് പരിഹാരമായി റേഞ്ചിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായി. കൂടാതെ പ്രതിമാസ പരിശീലന ചെലവ്, ആവശ്യമായ ജീവനക്കാർ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയറോട് കായികമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
2015-ൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായാണ് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ചത്. റേഞ്ചിന്റെ പഴയ പ്രതാപം വീണ്ടെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും, കായികവകുപ്പുമായി സഹകരിച്ച് സമഗ്രമായ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

