അശോക് മിത്തൽ പാർട്ടി വിട്ടു കേജ്‌രിവാളിന് വസതി ഒഴിയേണ്ടി വന്നു പുതിയ വീടിനും ശീഷ്മഹൽ വിവാദം

ആംആദ്മി പാർട്ടിയിലെ കൂറുമാറ്റത്തെത്തുടർന്ന് അരവിന്ദ് കേജ്‌രിവാളിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നു. പുതിയ വസതിയെ ശീഷ്മഹൽ 2 എന്ന് വിശേഷിപ്പിച്ച് ബിജെപി രംഗത്ത്.

അശോക് മിത്തൽ പാർട്ടി വിട്ടു കേജ്‌രിവാളിന് വസതി ഒഴിയേണ്ടി വന്നു പുതിയ വീടിനും ശീഷ്മഹൽ വിവാദം
അരവിന്ദ് കേജ്‌രിവാൾ

അശോക് മിത്തൽ കൂറുമാറി; ഔദ്യോഗിക വസതി നഷ്ടമായി കേജ്‌രിവാൾ ലോധി റോഡിലെ ബംഗ്ലാവിലേക്ക്

​ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ (എഎപി) ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് താമസസ്ഥലം ഒഴിയേണ്ടി വന്നു. എഎപി വിട്ട ഏഴ് രാജ്യസഭാംഗങ്ങളിൽ അശോക് മിത്തലും ഉൾപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന കേജ്‌രിവാളിന് വീട് മാറേണ്ടി വന്നത്.

​മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതി വിട്ട കേജ്‌രിവാൾ, രാജ്യസഭാംഗമെന്ന നിലയിൽ അശോക് മിത്തലിന് അനുവദിച്ച ഫിറോസ് ഷാ റോഡിലെ ബംഗ്ലാവിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. എന്നാൽ മിത്തൽ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടതോടെ വെള്ളിയാഴ്ച തന്നെ കേജ്‌രിവാൾ ഈ വീട് ഒഴിഞ്ഞു. നിലവിൽ ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ അനുവദിച്ചു കിട്ടിയ ലോധി റോഡിലെ 95-ാം നമ്പർ ടൈപ്പ് 2 സർക്കാർ ബംഗ്ലാവിലേക്കാണ് അദ്ദേഹം താമസം മാറിയത്.

​'ശീഷ്മഹൽ 2': വീണ്ടും ആരോപണങ്ങളുമായി ബിജെപി

​പുതിയ വസതിയിലേക്ക് മാറിയതിന് പിന്നാലെ കേജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ പണം ഉപയോഗിച്ച് പുതിയ വസതി ആഡംബരപൂർവ്വം മോടിപിടിപ്പിച്ചെന്നാണ് ബിജെപിയുടെ ആരോപണം. കേജ്‌രിവാളിന്റെ പുതിയ വീടിനെ 'ശീഷ്മഹൽ 2' എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

​നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതി കോടികൾ ചിലവഴിച്ച് നവീകരിച്ചതിനെ ബിജെപി 'ശീഷ്മഹൽ' (ചില്ലുകൊട്ടാരം) എന്ന് പരിഹസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് നിയമസഭയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പുതിയ വസതിയിലെ മോടിപിടിപ്പിക്കലും രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ തങ്ങൾ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇത്തരം ആഡംബര വസതികളിൽ താമസിക്കില്ലെന്നും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.