പെരുമ്പാവൂരിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച കുപ്രസിദ്ധ മോഷ്‌ടാവ് ബിജു പിടിയിൽ
പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ 35 ഓളം മോഷണക്കേസുകളിൽ പ്രതിയായ നെല്ലിമറ്റം സ്വദേശി ബിജുവിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിൽ വീട്ടമ്മയുടെ മാല കവർന്ന കുപ്രസിദ്ധ മോഷ്‌ടാവ് അറസ്റ്റിൽ; പിടിയിലായത് 35-ഓളം കേസുകളിലെ പ്രതി
പെരുമ്പാവൂർ: വട്ടക്കാട്ടുപടിയിൽ വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു (50)വിനെയാണ് പെരുമ്പാവൂർ പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ഏഴാം തീയതി പുലർച്ചെയായിരുന്നു സംഭവം. വട്ടക്കാട്ടുപടി ഭാഗത്തുള്ള വീടിന്റെ അടുക്കളവാതിലിനോട് ചേർന്ന ജനൽ കമ്പികൾ തിക്കിമാറ്റി അകത്തുകയറിയ പ്രതി, ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മ അണിഞ്ഞിരുന്ന ഒന്നരപ്പവൻ സ്വർണ്ണമാല കവരുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വട്ടക്കാട്ടുപടി ഭാഗത്ത് വെച്ചാണ് പോലീസ് വലയിലാക്കിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു കടുത്ത വെല്ലുവിളിയാണ് പോലീസിന് ഉയർത്തിയിരുന്നത്. പെരുമ്പാവൂർ ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐമാരായ ശിവകുമാർ, അബ്ദുൾ ജലീൽ, എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ എം.എച്ച്. സുധീർ, എം.എം. ഷെഫീഖ്, നജ്മി, വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

