കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കടബാധ്യത 5.07 ലക്ഷം കോടി, വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശയുമായി യുഡിഎഫ് സർക്കാരിന്റെ ധവളപത്രം
കേരളം നേരിടുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെന്ന് യുഡിഎഫ് സർക്കാരിന്റെ ധവളപത്രം. 5.07 ലക്ഷം കോടിയുടെ കടബാധ്യതയും വിരമിക്കൽ പ്രായം ഉയർത്തൽ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കടബാധ്യത 5.07 ലക്ഷം കോടി, വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശയുമായി ധവളപത്രം
തിരുവനന്തപുരം: കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കി. നിലവിൽ 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ആകെ കടബാധ്യതയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാൽ വികസനപ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്ത് തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും റിപ്പോർട്ടിലുണ്ട്. കടുത്ത സാമ്പത്തിക സമ്മർദ്ദം അതിജീവിക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ധവളപത്രത്തിലെ പ്രധാന നിർദ്ദേശം.
48,733 കോടിയുടെ കുടിശിക ബാധ്യതകൾ
ഡിഎ കുടിശിക, കരാറുകാർക്ക് നൽകാനുള്ള തുക എന്നിവയുൾപ്പെടെ 48,733 കോടി രൂപയുടെ കുടിശിക ബാധ്യതകളാണ് പുതിയ സർക്കാർ ഏറ്റെടുക്കുന്നത്. കിഫ്ബിക്കു മാത്രം 21,000 കോടിയുടെ വായ്പാ ബാധ്യതയുണ്ട്. ഇതിനുപുറമെ 35,000 കോടിയുടെ വിവിധ പദ്ധതികൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. കെഎസ്ആർടിസി, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നത്. ബവ്കോ ലാഭത്തിലാണെങ്കിലും സപ്ലൈകോ വലിയ നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഇരു കോർപ്പറേഷനുകളും ലയിപ്പിച്ച് മദ്യവിതരണത്തിനും അവശ്യവസ്തു വിതരണത്തിനുമായി രണ്ട് പ്രത്യേക വിഭാഗങ്ങളാക്കി മാറ്റാമെന്ന് വിദഗ്ദ്ധ സമിതി നിർദ്ദേശിക്കുന്നു. പ്രാധാന്യമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും ധവളപത്രത്തിലുണ്ട്. 'കടമെടുപ്പ് വികസനത്തിന്, വളർച്ച തിരിച്ചടവിനും' എന്ന അടിസ്ഥാന തത്വം കേരളം ലംഘിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
മുൻ സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞു; ട്രഷറി പ്രതിസന്ധി രൂക്ഷം
ആറായിരം കോടിയോളം രൂപ ട്രഷറിയിൽ മിച്ചം വച്ചിട്ടാണ് തങ്ങൾ ഭരണം ഒഴിഞ്ഞതെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെയും വാദങ്ങൾ പൊളിക്കുന്നതാണ് ധവളപത്രത്തിലെ കണക്കുകൾ. 2025-26 സാമ്പത്തിക വർഷത്തിൽ 7 മാസവും ട്രഷറി നെഗറ്റീവ് ബാലൻസിലാണ് അവസാനിച്ചത്. വർഷാവസാനം കാണിച്ച 6,322 കോടി രൂപയുടെ നീക്കിയിരിപ്പ് മാർച്ചിലെ 8,450 കോടിയുടെ പൊതുവിപണി വായ്പകളും, മാർച്ച് 24ന് ശേഷം ലഭിച്ച 4,969 കോടിയുടെ അധിക കേന്ദ്ര വിഹിതവും മാത്രമാണ്. ഇത് വർഷാവസാനമുള്ള താൽക്കാലിക ക്രമീകരണം മാത്രമായിരുന്നു.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഈ വർഷാവസാന ബാലൻസിന്റെ ദുർബലത വ്യക്തമായി. 2026 ഏപ്രിലിൽ ട്രഷറി ബാലൻസ് 5,264 കോടിയായും മേയ് 16 ആയപ്പോഴേക്കും 2,212 കോടിയായും കുത്തനെ കുറഞ്ഞു. വെറും ആറാഴ്ചയ്ക്കുള്ളിൽ 4,110 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വായ്പയെടുത്ത ഫണ്ടും കേന്ദ്ര വിഹിതവും ഉപയോഗിച്ച് പെരുപ്പിച്ചു കാണിച്ച ബാലൻസ് ആഴ്ചകൾക്കകം ഇല്ലാതയതോടെ സാമ്പത്തിക സമ്മർദ്ദം പുറത്തുവന്നതായി ധവളപത്രം വ്യക്തമാക്കുന്നു.
വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നതാണ് ധവളപത്രത്തിലെ നിർദ്ദേശങ്ങൾ. വിരമിക്കൽ പ്രായം ഓരോ വർഷം ഉയർത്തുമ്പോഴും വിരമിക്കൽ ആനുകൂല്യങ്ങളുടെ ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. ജനങ്ങളിൽ നിന്ന് നികുതി പിരിച്ച് അതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നത് ശരിയല്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജീവനക്കാർ വളരെ നേരത്തെയാണ് വിരമിക്കുന്നത്. ശരാശരി ആയുർദൈർഘ്യം കണക്കിലെടുക്കുമ്പോൾ ഇത് അവർക്ക് മികച്ച അനുഭവസമ്പത്തുള്ള കാലയളവാണ്. ഈ സാഹചര്യത്തിൽ കഠിനമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്നും കേന്ദ്ര സർക്കാർ മാതൃകയിൽ വിരമിക്കൽ പ്രായം ഉയർത്തണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ കേന്ദ്ര മാതൃകയിൽ പത്തു വർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷനുകളെ നിയമിക്കണമെന്ന ശുപാർശയും ധവളപത്രം മുന്നോട്ട് വെക്കുന്നു.