പകൽ സൗരോർജ്ജം, രാത്രിയിൽ വൈദ്യുതി ശ്രീകണ്ഠപുരം ബെസ് പദ്ധതി ഡിസംബറിൽ യാഥാർത്ഥ്യമാകും മന്ത്രി സണ്ണി ജോസഫ്
ശ്രീകണ്ഠപുരത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദർശിച്ചു. പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു
ശ്രീകണ്ഠപുരം ബെസ് പദ്ധതി: ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി മന്ത്രി
ശ്രീകണ്ഠപുരം: പകൽ സമയത്തെ സൗരോർജ്ജം ബാറ്ററിയിൽ സംഭരിച്ച് രാത്രിയിലെ പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ശ്രീകണ്ഠപുരത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതി ഡിസംബറോടെ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് അറിയിച്ചു. പ്രവൃത്തി പ്രദേശം സന്ദർശിച്ചു പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിവിൽ പ്രവൃത്തികൾ 20 ശതമാനം പൂർത്തിയായതായും സെപ്റ്റംബറോടെ ഇത് പൂർത്തിയാകുമെന്നും പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് അധികൃതർ മന്ത്രിയെ അറിയിച്ചു. സിവിൽ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഉപകരണങ്ങൾ എത്തിക്കും. തുടർന്ന് ഒന്നര മാസത്തിനുള്ളിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി ഡിസംബർ ആദ്യവാരം പദ്ധതി നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കെഎസ്ഇബി സബ്സ്റ്റേഷനോട് അനുബന്ധിച്ചുള്ള ഭൂമിയിലാണ് ഈ നൂതന പദ്ധതി യാഥാർത്ഥ്യമാകുന്നത്. സർക്കാർ സ്ഥലം മാത്രം വിട്ടുനൽകുകയും സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രി നാല് മണിക്കൂർ നേരം വൈദ്യുതി വിതരണം ചെയ്യുകയും ചെയ്യുന്ന മാതൃകയാണിത്. ഇതുവഴി സർക്കാരിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമാണ് ചെലവ് വരുന്നത്. ശ്രീകണ്ഠപുരം പദ്ധതിയുടെ ശേഷി 40 മെഗാവാട്ട്/160 എംഡബ്ല്യുഎച്ച് ആണ്.
സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം അഡ്വ. സജീവ് ജോസഫ് എംഎൽഎ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇ.വി രാമകൃഷ്ണൻ, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് ജനറൽ മാനേജർ അജയ് സെഹ്ഗാൾ, സീനിയർ മാനേജർ ശുഭദീപ് ഡെ, കെഎസ്ഇബി ഡയറക്ടർ രാജൻ എം.പി തുടങ്ങി പ്രമുഖർ ഒപ്പമുണ്ടായിരുന്നു.