വി.എസിന്റെ പത്മ പുരസ്കാരം പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് വി.എ. അരുൺ കുമാർ
വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മ പുരസ്കാരം സ്വീകരിക്കുന്നതിൽ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് മകൻ വി.എ. അരുൺ കുമാർ.
പത്മ പുരസ്കാരം: തീരുമാനമെടുക്കുക പാർട്ടിയുമായി ആലോചിച്ച ശേഷം; വി.എ അരുൺ കുമാർ
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച മരണാനന്തര ബഹുമതിയായ പത്മ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മകൻ വി.എ. അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സിപിഎം നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ എടുക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വി.എസിന് ലഭിച്ച അംഗീകാരത്തിൽ കുടുംബത്തിന് സന്തോഷമുണ്ടെങ്കിലും ഇത്തരം സുപ്രധാനമായ വിഷയങ്ങളിൽ പാർട്ടി നയത്തിനാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "പാർട്ടിയുടെ തീരുമാനം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനൊപ്പം നിൽക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പുരസ്കാരം നൽകുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും" അരുൺ കുമാർ കൂട്ടിച്ചേർത്തു.
നേരത്തെ, കുടുംബത്തിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ പാർട്ടി ഒപ്പമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുമായി ചർച്ച ചെയ്ത ശേഷം നിലപാട് പൊതുജനങ്ങളെ അറിയിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

