വനിതാ വികസന കോർപ്പറേഷൻ വായ്പകൾ കുറഞ്ഞ പലിശയിൽ അതിവേഗ ധനസഹായം അപേക്ഷകൾ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വഴി കുറഞ്ഞ പലിശനിരക്കിൽ വ്യക്തിഗത, വിദ്യാഭ്യാസ, മൈക്രോഫിനാൻസ് വായ്പകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ അറിയാം.
വനിതാ വികസന കോർപ്പറേഷൻ വായ്പകൾ: കുറഞ്ഞ പലിശയിൽ അതിവേഗ ധനസഹായം; അപേക്ഷകൾ ക്ഷണിച്ചു
ആലപ്പുഴ: തൊഴിൽരഹിതരായ വനിതകൾക്കും വിദ്യാർത്ഥിനികൾക്കും കൈത്താങ്ങുമായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗം ലഭ്യമാകുന്ന വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾക്കായി കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
നിശ്ചിത വരുമാന പരിധിയിലുള്ള, 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്കാണ് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത്. 4% മുതൽ 8% വരെ മാത്രമാണ് പലിശ നിരക്ക്. ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ അടിസ്ഥാനമാക്കി നൽകുന്ന ഈ വായ്പകളുടെ തിരിച്ചടവ് കാലാവധി 3 മുതൽ 5 വർഷം വരെയാണ്.
വനിതാ സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോഫിനാൻസ് പദ്ധതിയും കോർപ്പറേഷൻ വിഭാവനം ചെയ്തിട്ടുണ്ട്. കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് (CDS) 4% മുതൽ 7% വരെ പലിശനിരക്കിൽ 4 കോടി രൂപ വരെ വായ്പ ലഭിക്കും. സി.ഡി.എസ്സിന് കീഴിലുള്ള സ്വയംസഹായ സംഘങ്ങൾക്ക് (SHG) പരമാവധി 19 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.
ഉപരിപഠനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ വായ്പയും ലഭ്യമാണ്. നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വനിതകൾക്ക് 3% മുതൽ 8% വരെ പലിശനിരക്കിൽ ഈ വായ്പ സ്വന്തമാക്കാം. 5 വർഷമാണ് തിരിച്ചടവ് കാലാവധി. ഇതിനും ഉദ്യോഗസ്ഥ/വസ്തു ജാമ്യം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇന്റർനെറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9496015012, 0477 2237128.