കോർപറേഷന്റെ 1.77 കോടി വെള്ളത്തിൽ മെൻസ്ട്രൽ കപ്പ് പദ്ധതിയിൽ വൻ വീഴ്ച, 90% കപ്പുകളും കെട്ടിക്കിടക്കുന്നു

കോർപറേഷൻ വാങ്ങിയ 59,000 ത്തോളം മെൻസ്ട്രൽ കപ്പുകളിൽ 90 ശതമാനവും വിതരണം ചെയ്തില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.77 കോടി രൂപയുടെ പദ്ധതി പാളിയതായി കണ്ടെത്തൽ

കോർപറേഷന്റെ 1.77 കോടി വെള്ളത്തിൽ മെൻസ്ട്രൽ കപ്പ് പദ്ധതിയിൽ വൻ വീഴ്ച, 90% കപ്പുകളും കെട്ടിക്കിടക്കുന്നു
ഗുണഭോക്താക്കളില്ല, ബോധവൽക്കരണവുമില്ല; 1.77 കോടിയുടെ സ്ത്രീകേന്ദ്രീകൃത പദ്ധതി പാളിയതെങ്ങനെ

​മെൻസ്ട്രൽ കപ്പ് വിതരണത്തിൽ വൻ വീഴ്ച: 1.77 കോടിയുടെ പദ്ധതി പാളി; 90% കപ്പുകളും കെട്ടിക്കിടക്കുന്നു

കോർപറേഷൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയിൽ വൻ ക്രമക്കേടും അനാസ്ഥയും കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്. 1.77 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 90.31 ശതമാനവും വിതരണം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ആകെ വാങ്ങിയവയിൽ 53,594 എണ്ണം ഇപ്പോഴും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.

​പദ്ധതി ആരംഭിച്ച് ആദ്യ മൂന്ന് മാസത്തിനിടെ വെറും 5,744 കപ്പുകൾ മാത്രമാണ് വിതരണം ചെയ്തത്. എച്ച്.എൽ.എല്ലിൽ (HLL) നിന്നാണ് കോർപറേഷൻ ഇവ വാങ്ങിയത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും വിതരണ ശൃംഖല ഏകോപിപ്പിക്കുന്നതിലും വന്ന വലിയ വീഴ്ചയാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിർവഹണ ഉദ്യോഗസ്ഥ തന്നെ വിതരണത്തിലെ പാളിച്ച സമ്മതിച്ചിട്ടുണ്ട്.

​പദ്ധതിയിലെ പ്രധാന കണ്ടെത്തലുകൾ:

​ലക്ഷ്യബോധമില്ലാത്ത ആസൂത്രണം: ആദ്യം സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കും സർക്കാർ ജീവനക്കാർക്കുമായി വിഭാവനം ചെയ്ത പദ്ധതി പിന്നീട് നഗരപരിധിയിലെ എല്ലാ സ്ത്രീകൾക്കുമായി മാറ്റി. എന്നാൽ ഗുണഭോക്താക്കളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോയത് തിരിച്ചടിയായി.

​വാർഡുകളിലെ വിതരണം: ഓരോ വാർഡിലും 438 കപ്പുകൾ വീതം നൽകാനായിരുന്നു തീരുമാനം. എന്നാൽ മൂന്ന് മാസത്തിനിടെ വെറും 15 വാർഡുകളിൽ മാത്രമാണ് വിതരണം നടന്നത്.

​കാലാവധി: 2024 മാർച്ചിൽ നിർമിച്ച ഈ കപ്പുകളുടെ കാലാവധി 2029 ഫെബ്രുവരി വരെയാണ്. ശേഷിക്കുന്ന കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം കപ്പുകൾ വിതരണം ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്.

​ആരോഗ്യ-ശുചിത്വ മേഖലയിൽ കോർപറേഷൻ നടത്തുന്ന പല പദ്ധതികളും കൃത്യമായ പഠനം നടത്താതെ നടപ്പിലാക്കുന്നത് മൂലം വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

​ഒരു ഉൽപ്പന്നം വാങ്ങി നൽകിയാൽ മാത്രം ഇത്തരം ആരോഗ്യ-ശുചിത്വ പദ്ധതികൾ വിജയിക്കില്ല. മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിൽ സ്ത്രീകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്ന ചില വെല്ലുവിളികൾ ആണ് .സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതുപോലെ എളുപ്പമല്ല മെൻസ്ട്രൽ കപ്പ്. ഇത് എങ്ങനെ ഉപയോഗിക്കണം, എങ്ങനെ വൃത്തിയാക്കണം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ട്രെയിനിംഗ് ആവശ്യമാണ്. കോർപറേഷൻ്റെ ഭാഗത്തുനിന്ന് വിതരണത്തിനൊപ്പം ഇത്തരം ക്യാമ്പുകൾ നടന്നില്ല എന്നത് തിരിച്ചടിയായി.