ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം
അപകടാവസ്ഥയിലായ കല്ലൂർക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് പകരം, പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റാൻ തീരുമാനം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി 'സ്മാർട്ട്' വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം
മൂവാറ്റുപുഴ:കല്ലൂർക്കാട് : വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന വില്ലേജ് ഓഫീസർ ക്വാർട്ടേഴ്സ് ഇനി ജനങ്ങൾക്ക് പ്രയോജനപ്രദമാകും. കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലായ കല്ലൂർക്കാട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അടിയന്തരമായി ക്വാർട്ടേഴ്സിലേക്ക് മാറ്റി 'സ്മാർട്ട്' വില്ലേജ് ഓഫീസാക്കാൻ തീരുമാനിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുസംബന്ധിച്ച പരിശോധനാ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.
1969 ലാണ് മുവാറ്റുപുഴ-തേനി പാതയോരത്ത് പഞ്ചായത്ത് ഓഫീസിന് സമീപം നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. 57 വർഷത്തെ പഴക്കമുള്ള കെട്ടിടം നിലവിൽ ജീർണിച്ച് ഏതുനിമിഷവും പൊളിഞ്ഞു വീഴാവുന്ന അപകടാവസ്ഥയിലാണ്. പ്രമുഖ കാർഷിക മേഖലയായ കല്ലൂർക്കാട് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. മഴക്കാലത്ത് മേൽക്കൂര ചോർന്നൊലിച്ച് ഭിത്തികൾ തകരുന്ന അവസ്ഥയിലായതോടെ വലിയ ഭയത്തോടെയാണ് ജീവനക്കാരും പൊതുജനങ്ങളും ഇവിടെ കഴിഞ്ഞിരുന്നത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി കല്ലൂർക്കാട് സ്വദേശി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ജില്ലാ കളക്ടറെ നേരിട്ട് കണ്ടതോടെയാണ് നടപടികൾക്ക് വേഗമേറിയത്. 2016-ൽ നിർമ്മിച്ച് പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സിലേക്ക് ഓഫീസ് മാറ്റാമെന്ന പ്രായോഗിക നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയായിരുന്നു. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികളും പെയിന്റിംഗും പൂർത്തിയാക്കി ഈ കോൺക്രീറ്റ് കെട്ടിടത്തെ മികച്ച സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസാക്കി മാറ്റാനാണ് പദ്ധതി.
അതേസമയം, അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ കല്ലൂർക്കാട്ടുകാരുടെ ചിരകാല സ്വപ്നമായ 'മിനി സിവിൽ സ്റ്റേഷൻ' നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കാൻ ഇത് ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാത്യു കുഴൽനാടൻ എംഎൽഎയും റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
എ ഡി എമ്മിന്റെ സ്ഥലസന്ദർശന വേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നീതു ജോസഫ്, ജനപ്രതിനിധികളായ റാണി സിജോ, റെജീന ജോബി, പ്രൊഫ. ജോസ് അഗസ്റ്റിൻ, സൂസമ്മ പോൾ, ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് നെടുങ്കല്ലൽ, ബിജു ജോസഫ്, ബൈജി ആത്രശ്ശേരി, ജോർജ് ഫ്രാൻസിസ് തെക്കേക്കര, അനിൽ പുത്തൻപുര, വിജയൻ മരുതൂർ എന്നിവർ പങ്കെടുത്തു.
ആലുവ മാർത്താണ്ഡവർമ പാലത്തിൽ അറ്റകുറ്റപ്പണി ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം പുതിയ വഴികൾ അറിയാം
പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന 34 വാഹനങ്ങൾക്ക് 57,250 രൂപ പിഴ ഈടാക്കി
ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം