കൊച്ചിയിൽ തട്ടുകടകളിൽ മിന്നൽ പരിശോധന; വൃത്തിഹീനമായ രണ്ട് കടകൾ അടപ്പിച്ചു, വരും ദിവസങ്ങളിലും കർശന നടപടി
കൊച്ചി നഗരസഭാ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും പോലീസും ഫുഡ് സേഫ്റ്റിയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു. ഹെൽത്ത് കാർഡ് അടക്കമുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കൊച്ചിയിൽ തട്ടുകടകളിൽ മിന്നൽ പരിശോധന; വൃത്തിഹീനമായ രണ്ട് കടകൾ അടപ്പിച്ചു, വരും ദിവസങ്ങളിലും കർശന നടപടി
കൊച്ചി: നഗരസഭാ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, നഗരസഭ, പോലീസ്, ഫുഡ് സേഫ്റ്റി വിഭാഗങ്ങൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. കൊച്ചിയിലെ തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷായുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഏരിയ, റെയിൽവേ സ്‌റ്റേഷൻ, ബോട്ട് ജെട്ടി പരിസരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ 30 ഓളം കടകളിലാണ് റെയ്ഡ് നടത്തിയത്. കൃത്യമായ കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാതിരുന്ന 8 കടകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. നിയമലംഘനങ്ങളും ന്യൂനതകളും കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് ഇവ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
ഹെൽത്ത് കാർഡിന്റെ അഭാവം, ഗുണനിലവാരമില്ലാത്ത കുടിവെള്ളം ഉപയോഗിക്കൽ, കേടായ പഴങ്ങൾ ഉപയോഗിച്ച് ശീതളപാനീയങ്ങൾ തയ്യാറാക്കൽ, പഴകിയ ആഹാരം റഫ്രിജറേറ്ററിൽ സൂക്ഷിക്കൽ തുടങ്ങിയ ഗുരുതരമായ അപാകതകളാണ് പരിശോധനയിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധന ശക്തമായി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ:
പൊതുജനാരോഗ്യം മുൻനിർത്തി ജില്ലയിലെ തട്ടുകടകൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, കെയർ ഹോമുകൾ എന്നിവർക്കായി ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്.
കുടിവെള്ളമായി 20 മിനിറ്റ് വെട്ടിത്തിളപ്പിച്ച വെള്ളം മാത്രമേ നൽകാവൂ. തിളപ്പിച്ച വെള്ളത്തിൽ വീണ്ടും തിളപ്പിക്കാത്ത വെള്ളം ചേർക്കാൻ പാടില്ല.
കിണർ ക്ലോറിനേറ്റ് ചെയ്ത തീയതി, കുടിവെള്ള പരിശോധനാ ഫലം, ലൈസൻസ് എന്നിവ സ്ഥാപനങ്ങളിൽ കൃത്യമായി പ്രദർശിപ്പിക്കണം.
ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശൗചാലയ ഉപയോഗത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകണം. നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ജീവനക്കാർ ഹെഡ് ക്യാപ് ധരിക്കുകയും വേണം.
ഭക്ഷണം തുറന്നുവെക്കാതെ ചൂടോടെ നൽകണം. ശീതളപാനീയങ്ങൾക്ക് ഫ്രഷ് ഫ്രൂട്ട്സ് മാത്രം ഉപയോഗിക്കുക, വ്യാവസായിക ഐസ് പൂർണ്ണമായി ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ ഉള്ളവർ യാതൊരു കാരണവശാലും ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യരുത്.
ജില്ലാ മെഡിക്കൽ ഓഫീസർക്കൊപ്പം ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ.ടി സന്തോഷ്, എം.ആർ ബാബു, ഹെൽത്ത് സൂപ്പർവൈസർ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബി ആന്റണി, കോർപ്പറേഷൻ ഹെൽത്ത് ഓഫീസ് ഇൻ ചാർജ് കൃഷ്ണകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ റാണി ചാക്കോ, എലിസബത്ത് ജെൻസി, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഷാമിൽ എന്നിവരടങ്ങിയ സംഘമാണ് ഈ പ്രത്യേക മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.