കണ്ണൂരില്‍ കനത്ത മഴ തുടരുന്നു 386 പേരെ മാറ്റിപ്പാര്‍പ്പിച്ചു, രണ്ടുപേരെ ഒഴുക്കില്‍പെട്ട് കാണാതായി
ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാംപുകളിലായി 386 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രാത്രിയാത്ര നിരോധിച്ചു.
കണ്ണൂരില്‍ കനത്ത മഴ തുടരുന്നു; 386 പേരെ മാറ്റിപ്പാര്‍പ്പിച്ചു, രണ്ടുപേരെ ഒഴുക്കില്‍പെട്ട് കാണാതായി
കണ്ണൂര്‍: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാംപുകളിലായി 386 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതിനിടെ രക്ഷാപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി
പയ്യന്നൂര്‍ താലൂക്കിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷ് ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കൂടാതെ, ഇരിട്ടി താലൂക്ക് മണത്തണ വില്ലേജിലെ കൊട്ടംചുരത്തുള്ള ഹനീഫ വയല്‍ പീടികയില്‍ (40) എന്നയാളെ കാഞ്ഞിരപ്പുഴയില്‍ വീണ് കാണാതായി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നു. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പല പാലങ്ങളും വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
7 ദുരിതാശ്വാസ ക്യാംപുകള്‍; 386 പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ ആകെ 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 386 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
ആകെ ക്യാമ്പിലുള്ളവര്‍: 386 പേര്‍ (164 സ്ത്രീകള്‍, 121 പുരുഷന്മാര്‍, 101 കുട്ടികള്‍).
ഇരിട്ടി താലൂക്ക്: 4 ക്യാമ്പുകള്‍ (162 പേര്‍). വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അംഗനവാടി, ആറളം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളില്‍.
തളിപ്പറമ്പ് താലൂക്ക്: 3 ക്യാമ്പുകള്‍. രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ (എരുവേശ്ശി), കാപ്പിമല വിജയഗിരി ജിയുപിഎസ് (വെള്ളാട്), ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ (പയ്യാവൂർ).
ഇതിനുപുറമെ നിരവധി കുടുംബങ്ങളെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം, കോഴിച്ചാല്‍ തുടങ്ങിയ മേഖലകളിലും നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനം
ഇരിട്ടി താലൂക്കിലെ കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡില്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് 6 മണി മുതല്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 6 മണി വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഉത്തരവിട്ടു. ഇതുവഴി വരേണ്ട വാഹനങ്ങള്‍ ബോയ്സ് ടൗണില്‍ നിന്നും കൊട്ടിയൂരില്‍ നിന്നും വഴിതിരിച്ചുവിട്ടു.
ഉന്നതതല യോഗം ചേര്‍ന്നു
കനത്ത മഴക്കെടുതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്നു. ജില്ലയിലെ ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടല്‍ത്തീരങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. എഡിഎം പി.എന്‍ പുരുഷോത്തമന്‍, കണ്ണൂർ റൂറൽ എസ്.പി ഉമേഷ് ഗോയൽ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.