സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB. ഉപയോഗം ഉയർന്നതും കേന്ദ്ര വിഹിതത്തിലെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ആവശ്യമായി വന്നേക്കുക. ഉപഭോഗം കുത്തനെ ഉയർന്നതോടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നുണ്ട്.

​എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ പ്രധാന കാരണം. സെപ്റ്റംബർ മാസത്തിൽ സാധാരണ രേഖപ്പെടുത്താറുള്ളതിനേക്കാൾ 1100 മെഗാവാട്ടോളം അധിക ഡിമാൻഡാണ് നിലവിലുള്ളത്. വേനൽക്കാലത്തിന് സമാനമായ പീക്ക് ഡിമാൻഡാണ് നിലവിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.

​ദേശീയ തലത്തിലും വലിയ തോതിൽ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും, സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള വിതരണത്തിലെ തടസ്സവും പ്രതിസന്ധി രൂക്ഷമാക്കി. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. അതേസമയം, KSEBയുടെ ഇടപെടലിലൂടെ 25 മെഗാവാട്ട് അധികമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യമുണ്ടായാൽ ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് KSEB വാർത്താക്കുറിപ്പിൽ വ്യക്തമാക്കി