വനിതാ ദിനത്തിൽ കൊച്ചി നഗരസഭയിൽ അധികാരക്കൈമാറ്റം 21 വനിതകളെ ആദരിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി നഗരസഭയിൽ വേറിട്ട ആഘോഷം. സെക്രട്ടറി ചുമതല ഡെപ്യൂട്ടി സെക്രട്ടറിക്ക് കൈമാറി. 21 പ്രമുഖ വനിതകളെ ആദരിച്ചു.
വനിതാ ദിനത്തിൽ അധികാരക്കൈമാറ്റം; കൊച്ചി നഗരസഭയിൽ ചരിത്ര നിമിഷം, 21 കരുത്തുറ്റ വനിതകളെ ആദരിച്ചു
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭയിൽ അപൂർവ്വമായ അധികാരക്കൈമാറ്റം. നഗരസഭാ സെക്രട്ടറിയുടെ ചുമതല ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി സെക്രട്ടറി നൈസി തോമസിന് കൈമാറി സെക്രട്ടറി പി.എസ്. ഷിബു മാതൃകയായി. സ്വജീവിതം കൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച 21 വനിതകളെ ആദരിക്കുന്ന 'വിസ്മയ 2026' എന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു ഈ പ്രതീകാത്മക നടപടി.
എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഒരേസമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള 'മൾട്ടി ടാലന്റഡ്' വ്യക്തിത്വങ്ങളാണെന്നും സ്വന്തം ശക്തി അവർ തന്നെ തിരിച്ചറിയണമെന്നും എം.എൽ.എ പറഞ്ഞു. വനിതകളെ അംഗീകരിക്കുക എന്നതിനർത്ഥം പുരുഷന്മാരെ മാറ്റിനിർത്തുക എന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു.
നഗരത്തിലെ 21-ാമത്തെ മേയറായ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് അനിവാര്യമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. സംവരണം കൊണ്ട് മാത്രമല്ല, സ്വന്തം കഴിവ് തെളിയിച്ച് പൊതുസമൂഹത്തിലേക്ക് കടന്നുവന്ന നിരവധി വനിതകൾ കൊച്ചി നഗരസഭയിലുണ്ടെന്നത് അഭിമാനകരമാണെന്നും മേയർ പറഞ്ഞു.
സാഹിത്യകാരി ഡോ. എം. ലീലാവതി, സിസ്റ്റർ ലിസ്സി ചക്കാലക്കൽ, വന്യജീവി പ്രവർത്തക വിദ്യ രാജു, പിന്നണിഗായിക കൃതിക, എഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ഡയാന സിൽവസ്റ്റർ, അഡ്വ. പദ്മ ലക്ഷ്മി, ഷീ ടാക്സി ഡ്രൈവർ ഷൈനി പ്രമോദ്, ആദ്യ ഫീമെയ്ൽ ബൗൺസർ അനു കുഞ്ഞുമോൻ തുടങ്ങി വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച 21 പേരെ ചടങ്ങിൽ ആദരിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ്ബാബു, അഡ്വ. പി.എം. നസീമ, സീന ഗോകുലൻ, ജിസ്മി ജെറാൾഡ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
