വാർഡ് പിടിച്ചെടുത്തത് യുഡിഎഫ് അനുവദിച്ച റോഡ് ഫണ്ട് എംഎൽഎ പിൻവലിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാർഡിലെ റോഡ് നിർമാണത്തിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചത് വിവാദമാകുന്നു.

വാർഡ് പിടിച്ചെടുത്തത് യുഡിഎഫ് അനുവദിച്ച റോഡ് ഫണ്ട് എംഎൽഎ പിൻവലിച്ചു
വാർഡ് പിടിച്ചെടുത്തത് യുഡിഎഫ്; അനുവദിച്ച റോഡ് ഫണ്ട് എംഎൽഎ പിൻവലിച്ചു: വൈക്കത്ത് രാഷ്ട്രീയ വിവാദം

വാർഡ് പിടിച്ചെടുത്തത് യുഡിഎഫ്; അനുവദിച്ച റോഡ് ഫണ്ട് എംഎൽഎ പിൻവലിച്ചു: വൈക്കത്ത് രാഷ്ട്രീയ വിവാദം

​വൈക്കം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വാർഡിലെ റോഡ് നിർമാണത്തിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചത് വിവാദമാകുന്നു. വൈക്കം നഗരസഭയിലെ 23-ാം വാർഡായ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി സി.കെ.ആശ എംഎൽഎ അനുവദിച്ച 15 ലക്ഷം രൂപയാണ് പിൻവലിച്ചത്. രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണ് നടപടിയെന്ന് എംഎൽഎ വിശദീകരിക്കുന്നു.

​നാല് വർഷമായി തകർന്നു കിടക്കുന്ന ഈ റോഡ് ഉയർത്തി നിർമിക്കാനായി കഴിഞ്ഞ ജൂലൈ 18-നാണ് എംഎൽഎ ഫണ്ട് ശുപാർശ ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ പ്രവൃത്തി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കലക്ടർക്ക് കത്ത് നൽകുകയായിരുന്നു. നിലവിൽ കോൺഗ്രസിലെ സോണി സണ്ണി പ്രതിനിധീകരിക്കുന്ന വാർഡാണിത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ യുഡിഎഫ് വിജയിച്ചതാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

​എന്നാൽ, ജൂലൈയിൽ ആവശ്യപ്പെട്ട എസ്റ്റിമേറ്റ് ഈ മാസം വരെ ലഭിക്കാത്തതിനാലാണ് ഫണ്ട് ലാപ്സാകാതിരിക്കാൻ പിൻവലിച്ചതെന്നാണ് എംഎൽഎയുടെ മറുപടി. അതേസമയം, എസ്റ്റിമേറ്റ് കൃത്യമായി നൽകിയിട്ടുണ്ടെന്ന് നഗരസഭാ കൗൺസിലർ വ്യക്തമാക്കി. കലക്ടറുടെ നിർദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്