വ്യക്തിമുദ്ര സംരക്ഷിക്കണം

അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിക്കുന്നതിനെതിരെ കമൽഹാസൻ കോടതിയിൽ

വ്യക്തിമുദ്ര സംരക്ഷിക്കണം
അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിക്കുന്നതിനെതിരെ കമൽഹാസൻ കോടതിയിൽ

വ്യക്തിമുദ്ര സംരക്ഷിക്കണം: അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിക്കുന്നതിനെതിരെ കമൽഹാസൻ കോടതിയിൽ

​ചെന്നൈ: തന്റെ പേര്, ചിത്രങ്ങൾ, ശബ്ദം, 'ഉലകനായകൻ' എന്ന വിശേഷണം എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി നൽകിയത്.

​ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം തന്റെ ചിത്രങ്ങളും പേരും ഉൾപ്പെടുത്തിയ ടി-ഷർട്ടുകളും മറ്റ് വസ്ത്രങ്ങളും അനധികൃതമായി വിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമൽഹാസൻ 'ജോൺ ഡോ' (അജ്ഞാതർക്കെതിരെയുള്ള ഹർജി) ഫയൽ ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ തന്റെ വ്യക്തിത്വത്തെ ചൂഷണം ചെയ്യുന്നതാണെന്നും ഇത് പൂർണ്ണമായും നിരോധിക്കണമെന്നും ഹർജിയിൽ പറയുന്നു.

​പുതിയ കാലത്തെ സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി (AI), ഡീപ് ഫേക്ക്, മെഷീൻ ലേണിങ്, ഫെയ്സ് മോർഫിങ് എന്നിവ ഉപയോഗിച്ച് തന്റെ അനുമതിയില്ലാതെ ദൃശ്യങ്ങളോ ശബ്ദമോ പുനർനിർമ്മിക്കുന്നതും വാണിജ്യപരമായി ഉപയോഗിക്കുന്നതും അനുവദിക്കാനാവില്ലെന്ന് താരം വ്യക്തമാക്കി. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവരും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.