അട്ടപ്പാടിയുടെ ഗോത്ര കലാരൂപമായ രാമർകൂത്ത് വെള്ളിത്തിരയിലേക്ക്
അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ രാമർകൂത്തിനെ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയുടെ ഗോത്ര കലാരൂപമായ ‘രാമർകൂത്ത്’ വെള്ളിത്തിരയിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അട്ടപ്പാടി: രാമായണ മാസത്തിന്റെ തുടക്കത്തിൽ അട്ടപ്പാടിയിലെ മൺമറഞ്ഞുപോകുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന പുതിയ ഡോക്യുഫിക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകിയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.
ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന പുരാതന ഗോത്ര കലാരൂപമാണ് രാമർകൂത്ത്. അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരും അട്ടപ്പാടിയിലെ മറ്റ് കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നു.
ഭവി ഭാസ്‌ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ബി ലെനിനാണ്. ഗണേഷ് മാരാർ സൗണ്ട് ഡിസൈനറും ശ്രീരാഗ് കർമ്മ കലാസംവിധാനവും നിർവ്വഹിക്കുന്നു. മേക്കപ്പ്: ശശി കാട്ടകമ്പാൽ, സഹസംവിധാനം: ശരത്ത് ബാബു. പ്രൊഡക്ഷൻ മാനേജർമാർ: കെ ബി രാമദാസ് അട്ടപ്പാടി, സജീവൻ നമ്പിയത്ത്