ചേർത്തലയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും പമ്പയിലേക്കും പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ

തീർത്ഥാടകർക്ക് ആശ്വാസമായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വേളാങ്കണ്ണി സൂപ്പർഫാസ്റ്റ്, തുറവൂർ പമ്പ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. റൂട്ട്, സമയം, നിരക്ക് വിവരങ്ങൾ.

ചേർത്തലയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും പമ്പയിലേക്കും പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ
ചേർത്തല കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് വേളാങ്കണ്ണി പമ്പ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ബസ് സർവീസ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചേർത്തലയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും പമ്പയിലേക്കും പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ

ചേർത്തലയിൽ നിന്ന് വേളാങ്കണ്ണി: പമ്പ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

​ചേർത്തല:   തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വെളാങ്കണ്ണിയിലേക്കും പമ്പയിലേക്കുമുള്ള പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ചേർത്തല - അർത്തുങ്കൽ - പള്ളിപ്പുറം - വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് സർവീസിന്റെയും തുറവൂർ - പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെയും ഫ്ലാഗ് ഓഫ് കർമ്മം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.

ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തീർത്ഥാടകരുടെയും പള്ളിപ്പുറം പള്ളി വികാരിയുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഗതാഗത മന്ത്രിയെ നേരിൽ കണ്ട് നടത്തിയ ഇടപെടലിലൂടെയാണ് അന്തർസംസ്ഥാന സർവീസിന് അനുമതിയായത്.

ഉച്ചയ്ക്ക് 3.00-ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് 3.30-ന് അർത്തുങ്കൽ പള്ളിയിലെത്തും. തുടർന്ന് പള്ളിപ്പുറം പള്ളി, തുറവൂർ, വൈറ്റില വഴി പിറ്റേന്ന് രാവിലെ 8.00-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. 606 രൂപയാണ് യാത്രാനിരക്ക്.ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്. തുടക്കത്തിൽ വെള്ളിയാഴ്ചകളിൽ വാരാന്ത്യ സർവീസായിട്ടായിരിക്കും ഓടുക. ശബരിമല സീസൺ കഴിഞ്ഞ് അധിക ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രതിദിന സർവീസാക്കി മാറ്റും.

​ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് അനുവദിച്ച തുറവൂർ - പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസ് നവംബർ 17 ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കും.

ചടങ്ങിൽ ചേർത്തല എം.എൽ.എ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിക്രമൻ, ചേർത്തല മുനിസിപ്പൽ കൗൺസിലർമാരായ കെ.സി. ആന്റണി, സി.ഡി. ശങ്കർ, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രഘുവരൻ, തുടങ്ങിയവർ പങ്കെടുത്തു.