കോഴിക്കോടിന് നഗര വണ്ടി വേണം ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഫൈസൽ ബാബു എംഎൽഎ
കോഴിക്കോട് നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി നഗര വണ്ടി സർക്കിൾ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ ബാബു എം.എൽ.എ ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
കോഴിക്കോടിന് ‘നഗര വണ്ടി’ വേണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഫൈസൽ ബാബു എംഎൽഎ
കോഴിക്കോട്: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി.യുടെ 'നഗര വണ്ടി' സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഫൈസൽ ബാബു എം.എൽ.എ. ഇത് സംബന്ധിച്ച ഔദ്യോഗിക നിവേദനം അദ്ദേഹം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, ബീച്ച്, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സർക്കിൾ ബസ് സർവീസുകൾ ആരംഭിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. എം.എൽ.എയുടെ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകിയതായും അറിയിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് നഗരത്തിലെ പല പ്രധാന പ്രദേശങ്ങളിലേക്കും കെ.എസ്.ആർ.ടി.സി. സർവീസുകൾ ലഭ്യമല്ലെന്നത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നഗര വണ്ടി നടപ്പിലാക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും. നിരന്തരമായി പൊതുജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് ഫൈസൽ ബാബു എം.എൽ.എ ചൂണ്ടിക്കാട്ടി.
സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നഗരത്തിലെ വനിതകൾക്ക് പൂർണ്ണതോതിൽ പ്രയോജനപ്പെടുത്താൻ കെ.എസ്.ആർ.ടി.സി സർക്കിൾ സർവീസുകൾ വരുന്നതിലൂടെ സാധിക്കും. ഈ ലക്ഷ്യം മുൻനിർത്തിയാണ് അടിയന്തരമായി ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിച്ചതെന്നും എം.എൽ.എ വ്യക്തമാക്കി. നഗര വണ്ടി യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്ടെ യാത്രാ ദുരിതത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.