കുത്തിവയ്പെടുത്ത സൂചി ശരീരത്തിൽ ഒടിഞ്ഞിരുന്നു 62 കാരി വത്സല സഹിച്ചത് രണ്ടര വർഷത്തെ കഠിനവേദന

പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്. രണ്ടര വർഷം മുൻപ് കുത്തിവയ്പെടുത്ത വയോധികയുടെ ശരീരത്തിൽ നിന്നും ഒടിഞ്ഞ നിലയിൽ സൂചി കണ്ടെത്തി

കുത്തിവയ്പെടുത്ത സൂചി ശരീരത്തിൽ ഒടിഞ്ഞിരുന്നു 62 കാരി വത്സല സഹിച്ചത് രണ്ടര വർഷത്തെ കഠിനവേദന
ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സലകുത്തിവയ്പെടുത്ത സൂചി രണ്ടര വർഷമായി വയോധികയുടെ ശരീരത്തിൽ; ഒടുവിൽ ശസ്ത്രക്രിയ (62)

​അതിഗുരുതര അനാസ്ഥ: കുത്തിവയ്പെടുത്ത സൂചി രണ്ടര വർഷമായി വയോധികയുടെ ശരീരത്തിൽ; ഒടുവിൽ ശസ്ത്രക്രിയ

പത്തനംതിട്ട:സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് വീണ്ടും അതിഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണം. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ വച്ച് രണ്ടര വർഷം മുൻപ് കുത്തിവയ്പെടുത്ത രോഗിയുടെ ശരീരത്തിൽ ഒടിഞ്ഞ നിലയിൽ സൂചി കണ്ടെത്തി. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല (62) എന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് ദീർഘകാലം കഠിനമായ വേദന സഹിച്ചു കഴിഞ്ഞത്.

​കഴിഞ്ഞ മെയ് 19-ന് വീണ്ടും ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സൂചി ഒടിഞ്ഞ് ശരീരത്തിനുള്ളിൽ ഇരിക്കുന്ന വിവരം പുറത്തറിയുന്നത്. 2023 ഒക്ടോബർ 9-നാണ് വയറിളക്കവും ഛർദിയും ബാധിച്ച് വത്സല ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. നാല് ദിവസത്തോളം ഇവിടെ കിടത്തിച്ചികിത്സയിലായിരുന്നു. ഒക്ടോബർ 11-ന് നടുവിന് ഇൻജക്‌ഷൻ എടുത്തിരുന്നു. അപ്പോഴാണ് സൂചി ഒടിഞ്ഞ് ശരീരത്തിനുള്ളിൽ കുടുങ്ങിയതെന്നാണ് വത്സലയുടെയും കുടുംബത്തിന്റെയും ആരോപണം.

​ഇൻജക്‌ഷന് ശേഷം നടുവിന് കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുത്തിവയ്പിന്റേതായ സാധാരണ വേദനയായിരിക്കുമെന്നാണ് ഇവർ കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസം വേദനയുള്ള ഭാഗത്ത് കൈകൊണ്ട് തടവി നോക്കിയപ്പോൾ സൂചി പോലുള്ള എന്തോ ഒന്ന് കയ്യിൽ തടയുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോഴാണ് സൂചി കണ്ടെത്തിയത്. ഇതിന് പിന്നാലെ നഴ്സുമാർ പഴുപ്പ് ഞെക്കിക്കളയുകയും ചെയ്തു.

​കഴിഞ്ഞ 20-ന് ആശുപത്രിയിലെത്തി സർജനെ കണ്ട് വീണ്ടും എക്സ്റേ എടുത്തപ്പോൾ ശരീരത്തിനുള്ളിലെ സൂചി രണ്ടായി ഒടിഞ്ഞ നിലയിലാണെന്ന് കണ്ടെത്തി. ഇതിൽ ഒരു ഭാഗം അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ടാമത്തെ ഭാഗം ഇപ്പോഴും വത്സലയുടെ ശരീരത്തിലുണ്ട്. ഇത് പുറത്തെടുക്കാനായി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും എത്താനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

​മറ്റൊരു ചികിത്സാപ്പിഴവ് ആരോപണം കൂടി

​ഇതിനിടെ ഇതേ ആശുപത്രിയിൽ മുൻപ് നടന്ന മറ്റൊരു ചികിത്സാപ്പിഴവ് ആരോപണവും ഉയർന്നിട്ടുണ്ട്. വത്സലയുടെ ബന്ധുവായ ശാന്തമ്മയ്ക്ക് (56) 2018-ൽ ഇതേ ആശുപത്രിയിൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗ്രന്ഥികൾ മുറിഞ്ഞുപോയതായി ബന്ധുക്കൾ ആരോപിച്ചു.

​മന്ത്രിതല അന്വേഷണത്തിന് ഉത്തരവ്

​സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ റവന്യൂ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. അബിൻ വർക്കി എംഎൽഎ മന്ത്രിയെ നേരിട്ടുകണ്ട് അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.

​ഡപ്യൂട്ടി ഡിഎംഒ തലത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡിഎംഒ എൽ. അനിതാകുമാരി അറിയിച്ചു. വത്സലയുടെ ചികിത്സാരേഖകൾ ഉൾപ്പെടെ മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും. അതേസമയം, വത്സലയ്ക്ക് രണ്ടര വർഷം മുൻപ് ആശുപത്രിയിൽ നൽകിയ കിടത്തിച്ചികിത്സയുടെ രേഖകൾ കണ്ടെത്താൻ പരിശോധന നടത്തുകയാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഈ രേഖകൾ ലഭിച്ചാലേ അന്ന് നൽകിയ ചികിത്സയും ഇൻജക്‌ഷൻ ഏതാണെന്ന കാര്യത്തിലും വ്യക്തത വരൂ എന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

​സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ ആറന്മുള പൊലീസിന് ഔദ്യോഗികമായി വിവരം കൈമാറിയിട്ടുണ്ട്. എന്നാൽ വത്സലയും കുടുംബവും ഇതുവരെ പോലീസിൽ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നാണ് സൂചന.