എറണാകുളത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ ഭേരി പദ്ധതി മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

മഴക്കാല രോഗങ്ങളും പുതിയ പകർച്ചവ്യാധികളും പ്രതിരോധിക്കാൻ എറണാകുളം ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യ ഭേരി പദ്ധതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ ഭേരി പദ്ധതി മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
ആരോഗ്യഭേരി പകർച്ചവ്യാധി പ്രതിരോധ കർമ്മപദ്ധതിയുടെ ജില്ലാതല ശില്പശാല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ ഭേരി പദ്ധതി മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

പകർച്ചവ്യാധി പ്രതിരോധത്തിന് 'ആരോഗ്യ ഭേരി' മാതൃകാപരം: മന്ത്രി റോജി എം ജോൺ

കൊച്ചി: മഴക്കാല രോഗങ്ങളും പുതുതായി ആവിർഭവിക്കുന്ന പകർച്ചവ്യാധികളും ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ എറണാകുളം ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി രൂപം നൽകിയ ‘ആരോഗ്യ ഭേരി’ കർമ്മ പദ്ധതി മാതൃകാപരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. പദ്ധതിയുടെ ജില്ലാതല ശില്പശാല എറണാകുളം നോർത്ത് ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഓരോ വർഷവും കേട്ടുകേൾവിയില്ലാത്ത പുതിയ വൈറസുകളും രോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഒത്തൊരുമിച്ചുള്ള പ്രതിരോധം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി കോർപ്പറേഷനെയും മുനിസിപ്പാലിറ്റികളെയും മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഈ പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്. താഴേത്തട്ടിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിലൂടെ ജില്ലയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ 'ആരോഗ്യ ഭേരി' പദ്ധതിയുടെ രൂപരേഖ മന്ത്രി പ്രകാശനം ചെയ്തു. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ വിജയികളായ ആർദ്ര സതീഷ് (ഒന്നാം സ്ഥാനം), അഭിഗേൽ അന്ന സാബു (രണ്ടാം സ്ഥാനം) എന്നിവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

​എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷാഹിർഷാ പദ്ധതി വിശദീകരണം നടത്തി. കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മുനിസിപ്പൽ അസോസിയേഷൻ പ്രസിഡന്റ് രമേശ് ടി. കുറുപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റോ ജേക്കബ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി എന്നിവർ പങ്കെടുത്തു.

​കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ശ്രീദേവി മധു, ഷൈജു പറമ്പിൽ, പി.എ. മുക്താർ, റസിയ റഹ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിത, വിവേക് ഹരിദാസ്, ജോസഫ് മാർട്ടിൻ, കൗൺസിലർ സുധാ ദിലീപ് കുമാർ, ആയുഷ് ഡി.എം.ഓ ഡോ. സീബ, ഹോമിയോ ഡി.എം.ഓ ഡോ. മേഴ്സി ഗോൺസാൽവസ്, അഡീഷണൽ ഡി.എം.ഓമാരായ ഡോ. കെ.കെ. ആശ, ഡോ. കെ.ആർ. വിദ്യ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എം. ഹനീഷ്, ഡെപ്യൂട്ടി ഡി.എം.ഓ ഡോ. ആരതി കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ഫിനാൻസ് ഓഫീസർ പി. ഹനീഷ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.